ktr
ഓൺ ലൈൻ പഠന സൗകര്യം ഇനിയും ലഭിക്കാത്ത ആനക്കോട്ടൂർ ആനയം ചണ്ണക്കാപ്പാറ ഹരിജൻ കോളനിയിലെ മനീഷും ആരോമലും

കൊട്ടാരക്കര: ഇതുവരെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാവാത്തതിന്റെ വിഷമത്തിലാണ് ആനക്കൊട്ടൂർ ആനയം ചണ്ണയ്ക്കാപ്പാറ ഹരിജൻ കോളനി വിളയിൽ പടിഞ്ഞാറ്റതിൽ മനീഷും ആരോമലും.ഇവരെ സഹായിക്കാൻ ഇതുവരെ ജനപ്രതിനിധികളോ, ഗ്രാമ പഞ്ചായത്തു ഭരണ സമിതിയോ, സന്നദ്ധ സംഘടനകളോ മുന്നോട്ടു വന്നിട്ടില്ല. വിളയിൽ പടിഞ്ഞാറ്റതിൽ രമണന്റെ മക്കളായ മനീഷ് ഇരുമ്പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ 9 ാം ക്ലാസിലും ആരോമൽ നെടുവത്തൂർ ഡി.വി.യു.പി. സ്കൂലെ 7 ാം ക്ലാസിലും പഠിക്കുന്നു. ക്ലാസുകൾ നടക്കുന്നെങ്കിലും ഇതുവരെ
ഇരുവർക്കും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. കൂലിപ്പണിക്കാരനായ രമണനും ഭാര്യയും രണ്ടു മക്കളും കൂടാതെ രമണന്റെ അവിവാഹിതരായ രണ്ടു സഹോദരിമാരും ഷീറ്റു മേഞ്ഞ ചെറിയ വീട്ടിലാണ് താമസം. രമണനും ഭാര്യക്കും തൊഴിലില്ലാത്തതിനെ തുടർന്ന് കുടുംബം ദാരിദ്യത്തിലുമാണ്. ഇതിനിടയിൽ വലിയ തുക മുടക്കി ടെലിവിഷനും ഇന്റർ നെറ്റും സംഘടിപ്പിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കും?​ പലരുടെയു ശ്രമഫലമായി ഒരുമാസം മുമ്പ് വീട്ടിൽ വൈദ്യുതി എത്തിയെങ്കിലും മക്കൾക്ക് പഠനസൗകര്യമൊരുക്കാനാവാത്തത് ഈ നിർദ്ധന കൂടുംബത്തെ വേദനിപ്പിക്കുന്നു.