കൊല്ലം: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കരുനാഗപ്പള്ളി താലൂക്കിൽ എക്സൈസും റവന്യൂ വകുപ്പും ചേർന്ന് സംയുക്ത റെയ്ഡ് നടത്തി. കരുനാഗപ്പള്ളി താലൂക്കിലെ സ്ഥിരം കുറ്റവാളികളുടെ വീടുകളും സ്ഥാപനങ്ങളും കരുനാഗപ്പള്ളി എക്സൈസ് സി.ഐ, റേഞ്ച് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരുമായി ചേർന്ന് പരിശോധിച്ചു. ആദിനാട് കുഴിവേലിൽ ജംഗ്‌ഷനിൽ സ്റ്റേഷനറി കടകളിൽ നിന്ന് 1.300 കി.ഗ്രാം പാൻമസാല പിടിച്ചെടുത്ത് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കരുനാഗപ്പള്ളി അഡീഷണൽ തഹസിൽദാർ സംയുക്ത റെയ്ഡിന് നേതൃത്വം നൽകി. റെയ്ഡിന്റെ ഭാഗമായി വാഹന പരിശോധനയും നടന്നു. കൊല്ലം, പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂർ താലൂക്കുകളിലും സംയുക്ത റെയ്ഡുകൾ നടന്നുവരികയാണ്.എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ സനുവാണ് എക്സൈസ് പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്നത്.