ചാത്തന്നൂർ: അനധികൃതമായി നിലംനികത്തുന്നതിന് മണ്ണ് കൊണ്ടുവന്ന ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കര ക്ഷേത്രത്തിന് സമീപം ചിറക്കര ഏലായ്ക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ നിലമാണ് കരമണ്ണും കെട്ടിടാവാശിഷ്ടങ്ങളും കൊണ്ട് നികത്താൻ ശ്രമിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തണമെന്ന് കൊല്ലം തഹസീൽദാർ നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചിറക്കര വില്ലേജ് ഓഫീസർ ജ്യോതിഷിന്റെയും ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോണിന്റെയും നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥർ ചിറക്കര വാഴവിള ജംഗ്ഷന് സമീപത്ത് വച്ചാണ് മണ്ണുമായെത്തിയ പരവൂർ സ്വദേശിയുടെ ടിപ്പർ ലോറി പിടികൂടിയത്. അനധികൃതമായി നിലംനികത്തിയ കളത്തൂർക്കോണം സ്വദേശിയായ ഭൂവുടമയോട് 48 മണിക്കൂറിനുള്ളിൽ മണ്ണ് നീക്കം ചെയ്യണമെന്ന് കാണിച്ച് വില്ലേജ് ഓഫിസർ നോട്ടീസ് നൽകി.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വസ്തു വാങ്ങുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചത് മുന്നിൽക്കണ്ടാണ് നിലം നികത്താൻ പലരും ശ്രമിക്കുന്നതെന്ന് കർഷകർ ആരോപിച്ചു. ഭൂമി വാങ്ങാൻ ഗുണഭോക്തകൾക്ക് തുക അനുവദിക്കുമ്പോർ നികത്തിയ നിലം വാങ്ങാൻ അനുവദിക്കരുതെന്ന് കർഷകർ ആവശ്യപ്പെട്ടു.