കരുനാഗപ്പള്ളി : ഓണക്കാലത്ത് വില്പനക്കായി തൊടിയൂരിൽ ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വൻശേഖരം കരുനാഗപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.കാറിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 22000 പാക്കറ്റ് നിരോധിത പുകയില്ല ഉത്പ്പന്നങ്ങളാണ് പിടികൂടിയത്. തൊടിയൂർ, മുരുകാലയത്തിന് സമീപം ഫാത്തിമ മൻസിലിൽ സുധീറി( 35 )ന്റെ വീട്ടിലും കാറിലുമായിരുന്നു സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. പൊലീസ് എത്തുന്ന വിവരം അറിഞ്ഞ സുധീർ രക്ഷപെട്ടു. ഇയാളെ കണ്ടെത്താനായില്ല.. കരുനാഗപ്പള്ളി എ.സി.പി ഗോപകുമാറിന് കിട്ടിയ രഹസ്യ വിവരത്തിനെ തുടർന്നായിരുന്നു പരിശോധന. കരുനാഗപ്പള്ളിയിലെ വിവിധ ചെറുകിട കച്ചവർക്ക് നൽകുന്നതിനാണ് സാധനങ്ങൾ ഇറക്കി സൂക്ഷിച്ചിരുന്നത്. സുധീർ മുമ്പും ഇത്തരം കച്ചവടം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.