kanjav
ചാത്തന്നൂരിൽ പിടിച്ചെടുത്ത കഞ്ചാവുമായി പൊലീസ് ഉദ്യോഗസ്ഥർ

ചാത്തന്നൂർ: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. കളിയാക്കുളം അനു മൻസിലിൽ ഫൈസി എന്ന് വിളിക്കുന്ന അമൽഷാനെയാണ് (26) ചാത്തന്നൂർ പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് 6 മണിയോടെ കാറിൽ കറങ്ങി ശീമാട്ടിയിലും മറ്റും കഞ്ചാവ് വിതരണം ചെയ്ത ശേഷം മടങ്ങിവരികയായിരുന്ന യുവാവിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിന്തുടർന്നു. സംശയം തോന്നിയതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ബന്ധുക്കളായ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത് നാടകീയ സംഭവങ്ങൾക്ക് വഴിവച്ചു.

യുവാവുമായി പൊലീസ് ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കക്കൂസിലെ ക്ലോസ്റ്റിലും കാറിനുള്ളിലെ രഹസ്യ അറയിലുമായി ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തു. ആറ്റിങ്ങലിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ യുവാവ് പറഞ്ഞു.

ചാത്തന്നൂർ മേഖലയിൽ കഞ്ചാവിന്റെ മൊത്തവിതരണം നടത്തുന്ന യുവാവ് മൂന്നാമത്തെ തവണയാണ് പൊലീസിന്റെ പിടിയിലാകുന്നത്. നിരവധി സംഘർഷങ്ങളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചാത്തന്നൂർ സി.ഐ ജസ്റ്റിൻ ജോണിന്റെയും എസ്.ഐ സരിന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.