photo

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളിൽ മറുനാടൻ പൂക്കളുടെ വരവ് കുറഞ്ഞെങ്കിലും അത്തപ്പൂക്കളമിടാൻ മലയാളിക്ക് പൂക്കൾ നൽകുകയാണ് അഞ്ചൽ ആർച്ചൽ സൗപർണിക പുരുഷ സ്വയം സഹായ സംഘം. പാട്ടത്തിനെടുത്ത അര ഏക്കർ ഭൂമിയിലാണ് സംഘം പൂവ് കൃഷി തുടങ്ങിയത്. ജമന്തിയും വാടാമുല്ലയും ബന്ദിയും നട്ടത് വെറുതെയായില്ല. പൂവിപണിയിൽ വില ഉയർന്ന് നിൽക്കുന്നതിനാൽ അധ്വാനത്തിന് നല്ല ലാഭം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം. തമിഴ് നാട്ടിലെ ചുരണ്ടയിൽ നിന്നാണ് മൂവായിരം രൂപയ്ക്ക് 250 ഗ്രാം വിത്ത് വാങ്ങി പാകി കിളിർപ്പിച്ചത്. ജൈവവളം ഉപയോഗിച്ചുള്ള കൃഷി ഫലം കണ്ടു. കൊവിഡ് കാലത്ത് സമീപത്തെ നാല് ക്ഷേത്രങ്ങളിലേക്ക് പൂവ് വിൽക്കാൻ കഴിഞ്ഞു. രണ്ട് കിലോ വീതം ദിവസവും നാല് ക്ഷേത്രങ്ങളിലും പൂവ് നൽകിവരികയാണ്. ബന്ദി 150 രൂപയ്ക്കും വാടാമുല്ല 200 രൂപയ്ക്കുമാണ് ഇതുവരെ വിറ്റിരുന്നത്. അത്തം പിറന്നതിനാൽ സ്വാഭാവികമായി വിലക്കൂടുതൽ ഉണ്ടാകും. ദിവസം പത്ത് കിലോ പൂവ് നുള്ളിയെടുക്കാൻ കഴിയുന്നുണ്ട്. കൂടുതൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് എൻ.കെ.രമേശൻ പറഞ്ഞു.