photo

കൊല്ലം: പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായ ഇനി സംസ്ഥാന പൊലീസിന്റെ ഭാഗം. പെട്ടിമുടിയിൽ മനുഷ്യനും വളർത്തുനായയുമായുള്ള സ്‌നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു കുവിയുടെ പ്രവർത്തനങ്ങൾ. ദിവസങ്ങളോളം തന്റെ കളികൂട്ടുകാരിയെ നഷ്ടപ്പെട്ട കുവി പെട്ടിമുടിയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു. ദുരന്തഭൂമിയിൽ തളർന്നുറങ്ങുന്ന കുവിയെ ശ്രദ്ധയിൽപ്പെട്ട ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ കുവിയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് വകുപ്പുതല നടപടികൾ അനുകൂലമായി ഉണ്ടായത്.

അനുമതി ലഭിച്ചതിനെ തുടർന്നാണ് കുവിയ്ക്ക് ഇനിമുതൽ പൊലീസിന്റെ ഭാഗമായത്. ദുരന്തത്തിൽ അകപ്പെട്ട ഉടമസ്ഥതരെയും വീട്ടിലെ കളിക്കൂട്ടുകാരിയെയും തിരഞ്ഞു നടന്ന കുവി സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും പര്യായമായി മാറിയിരുന്നു. ഇടുക്കി പി.ആർ.ഡി നല്‍കിയ വാർത്ത മാദ്ധ്യമങ്ങളിൽ ഇടം നേടിയതോടെ കുവി പെട്ടിമുടിയുടെ മാത്രമല്ല മലയാള മനസ്സാക്ഷിയുടെ നെഞ്ചകത്ത് ഇടംനേടിയിരുന്നു. പെട്ടിമുടിയിൽ നിന്ന് പ്രദേശവാസികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുവിയ്ക്ക് സ്‌നേഹാർദ്രമായ യാത്രയയപ്പും നൽകി. പെട്ടിമുടിയോട് വിടപറയുന്നുവെങ്കിലും പൊലീസ് ഡോഗ് സ്ക്വാഡിൽ അംഗമായ കുവി ഇനിയും ഇവിടേക്ക് വന്നേക്കാം, പുതിയ ദൗത്യത്തിനായി.