കൊല്ലം: തിരുവോണസദ്യ കഴിഞ്ഞാൽ ബന്ധുവീടുകളിലേക്ക് പോകുന്ന പതിവുയാത്ര ഇത്തവണ ഉണ്ടാകില്ല. അവിട്ടത്തിന് കുടുംബവീട്ടിൽ ബന്ധുക്കളെല്ലാം ഒത്തുചേരുന്ന സ്ഥിരം പരിപാടിക്കും മാറ്റമുണ്ടാകും. പതിറ്റാണ്ടുകളായുള്ള ശീലങ്ങളെയാണ് ഈ ഓണം മാറ്റി നിറുത്തുന്നത്. കഴിഞ്ഞ ചതയത്തിന് തമ്മിൽ പിരിയുമ്പോൾ അടുത്ത ഓണത്തിന് കാണാമെന്ന് ബന്ധുവീട്ടിലെ കുരുന്നുകളോട് പറഞ്ഞ ഉപചാരങ്ങളൊക്കെ വെറുതെയാകും. ഓണപ്പരിപാടി നടത്താൻ നാട്ടിലെ ക്ലബുകാർ ഇത്തവണ ഇറങ്ങില്ല. സുന്ദരനും സുന്ദരിക്കും പൊട്ടുതൊടാതെ, ഓർമ്മയിലേക്ക് ചിതറിപ്പോകുന്ന മിഠായികൾ പെറുക്കിയെടുക്കാനാകാതെ, വടം വലിച്ച് വീഴാതെ, ഉറിയടി മത്സരങ്ങളില്ലാതെ, നാടൻ പാട്ടും ചലച്ചിത്ര ഗാനങ്ങളുമില്ലാതെ ഇത്തവണത്തെ ഓണം കടന്നു പോകും. അണുകുടുംബങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ ഓണാഘോഷവും സദ്യയുമൊക്കെയുണ്ട്. ടി.വിയിലും ഫോണിലും വരുന്ന സിനിമകൾ കണ്ട് കൊവിഡ് കാലത്തെ ഓണത്തെ ഇത്തവണ നമുക്ക് വരവേൽക്കാം.
കൊവിഡിനൊപ്പം ജീവിക്കണം
കൊവിഡിനൊപ്പം ജീവിക്കാൻ പഠിച്ച് തുടങ്ങിയതോടെ ഒത്തുചേരലുകൾ, കൂട്ടായ്മകൾ എന്നിവയിൽ നിന്ന് മാറി നിൽക്കാനും കൂടിയാണ് മിക്കവരും പഠിച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ആൾക്കൂട്ടങ്ങളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞ് മാറാനാണ് മിക്കവരുടെയും ശ്രമം. മറ്റൊരാളിൽ നിന്ന് അസുഖം പകരുമെന്ന ആശങ്കയ്ക്കപ്പുറം തന്നിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം വ്യാപിക്കരുതെന്ന കരുതലുമുണ്ട്.