അഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവും അളക്കുന്നു
കൊല്ലം: കൈയേറ്റം കണ്ടെത്താനായി റംസാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജില്ലയിലെ പ്രധാന ജലാശയങ്ങളായ അഷ്ടമുടിക്കായലിന്റെയും ശാസ്താംകോട്ട തടാകത്തിന്റെയും അതിർത്തി അളന്ന് തിട്ടപ്പെടുത്തുന്നു. കൊല്ലം സബ് കളക്ടറെയാണ് പരിസ്ഥിതി വകുപ്പ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ അതിർത്തി തിട്ടപ്പെടുത്തൽ തുടങ്ങും. മലിനീകരണ നിയന്ത്രണ ബോർഡാകും സർവേയ്ക്കും സംരക്ഷണ പ്രവർത്തനങ്ങൾക്കുമുള്ള ചെലവ് വഹിക്കുക. റംസാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ മറ്റൊരു ജലാശയമായ വേമ്പനാട്ട് കായലിന്റെ അതിർത്തിയും പുതുതായി അളക്കുന്നുണ്ട്.
ചുരുങ്ങുന്ന ജലാശയങ്ങൾ
സമീപകാലത്ത് സന്നദ്ധ സംഘടനകളും വിവിധ ഏജൻസികളും നടത്തിയ പഠനത്തിൽ അഷ്ടമുടിക്കായലിന്റെയും ശാസ്താംകോട്ട തടാകത്തിന്റെയും വിസ്തൃതി റംസാറിന്റെ രേഖകളിലേതിനെക്കാൾ വലിയതോതിൽ കുറഞ്ഞതായി കണ്ടെത്തി. അഷ്ടമുടിക്കായലിന് 61.4 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുണ്ടെന്നാണ് പതിറ്റാണ്ടുകൾ മുമ്പുള്ള കണക്ക്. റംസാർ രേഖയനുസരിച്ച് 34 ചതുരശ്ര കിലോമീറ്ററേയുള്ളൂ. ഇപ്പോൾ പുരോഗമിക്കുന്ന കേരള സർവകലാശാല പരിസ്ഥിതി വിഭാഗത്തിന്റെയും ഇസ്രയേൽ ഹിഫ സർവകലാശാലയുടെയും സംയുക്ത പഠനത്തിൽ 44 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ശാസ്താംകോട്ട തടാകത്തിന്റെ സ്ഥിതിയും സമാനമാണ്. തടാകത്തിന് ഏകദേശം 3.72 കിലോ മീറ്റർ വിസ്തൃതിയുണ്ടെന്നാണ് പഴയ കണക്ക്. ഇപ്പോൾ 3 ചതുരശ്ര കിലോമീറ്റർ മാത്രമേ കാണാൻ സാദ്ധ്യതയുള്ളൂവെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
റവന്യൂ വകുപ്പിന്റെ പക്കലുള്ളത് 28 വർഷം പഴക്കമുള്ള കണക്ക്
ഏകദേശം 28 വർഷത്തോളം പഴക്കമുള്ള റീ സർവേയിലെ കണക്കാണ് ഇരുജലാശയങ്ങളുടെയും അതിർത്തിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ പക്കലുള്ളത്. എന്നാൽ ഈ സ്കെച്ചുമായി അതിർത്തി തേടി ചെല്ലുമ്പോൾ അവിടെയെങ്ങും ജലത്തിന്റെ കണിക പോലുമില്ലാത്ത അവസ്ഥയാണ്. അഷ്ടമുടിക്കായൽ വ്യാപകമായി കൈയേറി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഇതിന് പുറമേ അഷ്ടമുടിക്കായലിൽ ശക്തികുളങ്ങര ഭാഗത്ത് മാത്രം 20 ഓളം പുതിയ തുരുത്തുകളും രൂപപ്പെട്ടുകഴിഞ്ഞു. ഇതിൽ പലതിലും വീടുകൾ നിർമ്മിച്ച് നിരവധി കുടുംബങ്ങൾ താമസിക്കുന്നുമുണ്ട്.
വിസ്തൃതി (ഏകദേശ വിവരം)
അഷ്ടമുടിക്കായൽ
നേരത്തെ: 61.4 ചതുരശ്ര കിലോ മീറ്റർ
ഇപ്പോൾ: 44 ചതുരശ്ര കി. മീറ്റർ
ശാസ്താംകോട്ട തടാകം
നേരത്തെ: 3.72 ചതുരശ്ര കിലോ മീറ്റർ
ഇപ്പോൾ: 3 ചതുരശ്ര കി. മീറ്റർ