കൊല്ലം: കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിൽ തകർന്നടിഞ്ഞ പൂവിപണി ചിങ്ങപ്പിറവിയോടെ വീണ്ടും ഉണർന്നു. ഈ മാസം ഒന്നാം തീയതി മുതൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിച്ചതിന് പിന്നാലെ വിനായക ചതുർത്ഥിയാഘോഷവും ഒാണം പടിവാതിൽക്കലെത്തിയതും പൂക്കച്ചവടക്കാർക്ക് പ്രതീക്ഷ നൽകുന്നു. ഓണാഘോഷം വീടുകളിൽ ഒതുക്കണമെന്നും അത്തപ്പൂക്കളത്തിനായി പൂക്കൾ വാങ്ങുന്നത് ഒഴിവാക്കണമെന്നുമുള്ള സർക്കാർ നിർദ്ദേശം പൂക്കച്ചവടത്തെ കാര്യമായി ബാധിക്കുമെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പടിപടിയായി കച്ചവടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് പൂക്കച്ചവടക്കാർ. ഓണക്കാലത്താണ് കേരളത്തിൽ ഏറ്റവുമധികം പൂക്കച്ചവടം നടക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വിവിധ ഇനം പൂക്കളെത്തുന്നത്.
പിച്ചിയും മുല്ലയുമാണ് താരം
തമിഴ്നാട്ടിലെ ശങ്കരൻകോവിലിൽ നിന്നെത്തുന്ന പിച്ചിയും മുല്ലയുമാണ് മണത്തിലെന്നപോലെ വിലയിലും താരം. ഒരു കിലോ പിച്ചിപ്പൂവിന് 900 രൂപയായിരുന്നു ഇന്നലത്തെ വില. ആർഭാടങ്ങളൊഴിവാക്കി വിവാഹ- നിശ്ചയ ചടങ്ങുകൾ ആരംഭിച്ചതോടെ തലയിൽ ചൂടാനും അലങ്കാരത്തിനുമായി പിച്ചിക്കും മുല്ലയ്ക്കും ആവശ്യക്കാർ ഏറെയാണ്. ഒരു കിലോ മുല്ലപ്പൂവിന് 850 രൂപയായിരുന്നു ഇന്നലത്തെ വില.
പൂക്കളം നിറയ്ക്കാൻ ജമന്തി
തമിഴ്‌നാട്ടിലെ തേനി ശീലയംപെട്ടി ഗ്രാമത്തിൽ നിന്നാണ് ജമന്തിപ്പൂക്കളെത്തുന്നത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പൂക്കളങ്ങൾക്ക് ജമന്തിയാണ് അധികം പേരും ഉപയോഗിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ഒാണാഘോഷം ഇല്ലാത്തത് പൂവിപണിയെ ബാധിച്ചിട്ടുണ്ട്. 80 രൂപയാണ് ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ജമന്തിപ്പൂവിന്റെ വില.
അഴകേകാൻ അരുളി
വെള്ള, ചുവപ്പ്, പിങ്ക് നിറങ്ങളിൽ സുലഭമായ അരുളിപ്പൂവിന് പൂവിപണിയിൽ ആവശ്യക്കാരേറെയാണ്. അരുളിപ്പൂവും തമിഴ്നാട്ടിൽ നിന്നാണ് വരുന്നത്. പൂജാ സംബന്ധമായ ആവശ്യങ്ങൾക്കൊപ്പം അത്തപ്പൂക്കളമൊരുക്കാനും അരുളിപ്പൂവ് ഉപയോഗിക്കുന്നുണ്ട്. കിലോയ്ക്ക് 250 മുതൽ 300 രൂപവരെയാണ് വില.
ട്യൂബ് റോസും ഓർക്കിഡും
കണ്ടിട്ടില്ലാത്ത നിറങ്ങളിലുള്ള റോസും കാഴ്ചയ്ക്ക് കൗതുകം പകരുന്ന ഓർക്കിഡ് പുഷ്പങ്ങളും അടക്കി വാഴുകയാണ് പൂവിപണി. വിവാഹപ്പന്തൽ അലങ്കരിക്കാൻ ഉപയോഗിക്കുന്ന ഇവയ്ക്കും ചിങ്ങം പിറന്നതോടെ ഡിമാൻഡ് കൂടി. മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ട്യൂബ് റോസുകളും വിവിധ ഇനം ഓർക്കിഡുകളുമെത്തുന്നത്. ഇതിന് പുറമേ മാലകെട്ടാനുപയോഗിക്കുന്ന ചെറിയ റോസ് പൂക്കളും എത്തുന്നുണ്ട്. പള്ളികളിലെ പ്രാർത്ഥനയ്ക്കും ചടങ്ങുകൾക്കും വിലയേറിയ ഓർക്കിഡ് - റോസ് പുഷ്പങ്ങൾ തേടി ആളുകളെത്താറുണ്ട്.
നഷ്ടമായത് ലക്ഷങ്ങളുടെ വ്യാപാരം
ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ മേയ് അവസാനം വരെ ഉത്സവങ്ങൾ, വിവാഹങ്ങൾ, ഗൃഹപ്രവേശം തുടങ്ങിയവയുടെ സീസണായിരുന്നു. ലക്ഷങ്ങളുടെ വ്യാപാരം നടക്കേണ്ട സമയമാണ് കച്ചവടക്കാർക്ക് നഷ്ടമായത്. മാസങ്ങളായി കടകൾ അടച്ചിട്ടിരുന്ന പലരും ചിങ്ങമാസത്തിന്റെ ആരംഭത്തോടെയാണ് കടകൾ തുറന്നത്.
പൂക്കളുടെ വില, കി. ഗ്രാമിന്
മുല്ല - 850
പിച്ചി -900
തെറ്റി -280
ചെറിയറോസ് -300
ട്യൂബ് റോസ് -500
മഞ്ഞ ജെമന്തി - 80
ഓറഞ്ച് ജെമന്തി - 80
പിങ്ക് അരുളി -250
വൈറ്റ് അരുളി -300
റെഡ് അരുളി - 300
അരുളി ചെറിയ പായ്ക്കറ്റ് -30
തുളസി -180
താമര- ഒരെണ്ണം - 20
കൊളുന്ത് - 200
വാടാമല്ലി - 180
പനിനീർ -800