ചാത്തന്നൂർ: സി.പിഎം പ്ലാക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്ലാക്കാട് നാലാം വാർഡിൽ പ്ലാക്കാട് കുതിരപ്പന്തിയിൽ വീട്ടിൽ പരേതനായ ബിജുവിന്റെ ഭാര്യ ഗീതാകുമാരിക്കും കുടുംബത്തിനും വീട് നിർമ്മിച്ച് നൽകി. പതിനൊന്ന് ലക്ഷം രൂപയോളം ചെലവഴിച്ചാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ താക്കോൽ കൈമാറി. ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എൻ. സന്തോഷ്, ജില്ലാ കമ്മിറ്റി അംഗം ആർ. ബിജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഗോപകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.വി. ശാന്തകുമാർ, സി. അജിത് കുമാർ, എം. താജുദ്ദീൻ, നിർമ്മാണ കമ്മിറ്റി കൺവീനർ എസ്. സുകുമാരപിള്ള തുടങ്ങിയവർ പങ്കെടുത്തു.