കൊല്ലം: കൊല്ലം തീരദേശ റോഡിന് സമീപത്തെ കല്ലേലിവയൽ പുരയിടം - ഫിഷർമെൻ കോളനിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായില്ല, ഒന്നര മാസം മുമ്പ് നടത്തിയ ഓടയുടെ അറ്റകുറ്റപ്പണികൾ വേണ്ടത്ര ഗുണം ചെയ്യാത്തതാണ് ഇപ്പോഴും മലിന ജലം തളംകെട്ടിക്കിടക്കാൻ കാരണം. മഴക്കാലത്ത് തീർത്തും ദുരിതമായി മാറുകയുമാണ്. 3,90,000 രൂപ അനുവദിച്ചാണ് ഓട വൃത്തിയാക്കിയത്. മേൽമൂടി മാറ്റി തൊഴിലാളികൾ ഓടയിലിറങ്ങി മാലിന്യം കോരി മാറ്റുകയായിരുന്നു. പൊട്ടിയ മേൽമൂടികൾ മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓടയിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ സംവിധാനമുണ്ടായില്ല. കടലിലേക്ക് തുറക്കുംവിധമാണ് ഇവിടെ പതിറ്റാണ്ടുകൾക്ക് മുമ്പ് ഓട നിർമ്മിച്ചത്. എന്നാൽ റോഡിനോട് ചേർന്ന ഭാഗം അടഞ്ഞത് തുറക്കാൻ നടപടിയുണ്ടായില്ല. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കുടിൽകെട്ടി താമസിക്കുന്നതുൾപ്പടെ നിരവധി തടസങ്ങളുണ്ട്. ഇപ്പോൾ ഓട വൃത്തിയാക്കിയതിന്റെ പ്രയോജനമില്ലാതെ വിഷമിക്കുകയാണ് ഇവിടുത്തുകാർ. മാലിന്യം കെട്ടി നിന്ന് ഓട നികന്നതിന്റെ ബുദ്ധിമുട്ടുകൾ മാറിയെന്ന് ആശ്വസിച്ചവർ വീണ്ടും ദുരിതത്തിലാകുകയായിരുന്നു.
ആൽത്തറമൂട് പൊലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിന്നുതുടങ്ങി തോട്ടുമുഖം കാളാഞ്ചഴികം വഴി കല്ലേലിവയൽ പുരയിടം ഭാഗത്തെത്തുന്ന ഓട പൂർണമായും മാലിന്യം നീക്കുകയും ഓടയിലെ ജലം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കുകയും വേണം.
അമൃത് പദ്ധതി വരുമോ?
പ്രദേശവാസികളുടെ പരാതിയിൽ ഓട വൃത്തിയാക്കലും പൊട്ടിയ മേൽമൂടി മാറ്റുന്ന ജോലികളുമാണ് ഇപ്പോൾ നടന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഓടയുടെ സമ്പൂർണ നവീകരണം നടത്താൻ പദ്ധതി തയ്യാറാക്കിയിട്ട് കാലമേറെയായി. അമൃത് പദ്ധതി വരുമോ എന്നകാര്യത്തിൽ ഉറപ്പ് നൽകാൻ ജനപ്രതിനിധികൾക്കും ആകുന്നില്ല. ശുചിത്വ മിഷനിൽ നിന്ന് അനുവദിച്ച 75,000 രൂപ ചെലവഴിച്ച് 2018 ഒക്ടോബറിൽ ഓട തെളിച്ചതായിരുന്നു. എന്നാൽ വീണ്ടും മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടു. ഇപ്പോൾ വീണ്ടും ഓട വൃത്തിയാക്കിയെങ്കിലും ഇതൊന്നും ശാശ്വത പരിഹാരമാകുന്നില്ല.
ദുർഗന്ധവും കൊതുകും
സെപ്ടിക് ടാങ്ക് മാലിന്യം ഉൾപ്പടെ ഓടയിലൂടെ ഒഴുകിവരുന്നുണ്ട്. ഇത് കെട്ടിനിൽക്കുന്നതിനാൽ വലിയ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഓടയ്ക്ക് മേൽമൂടി സ്ഥാപിച്ചാണ് ഇവിടെ റോഡ് നിർമ്മിച്ചത്. ഓടയ്ക്ക് മുകളിലൂടെ മലിന ജലം ഒഴുകുമ്പോൾ കാൽനട യാത്രികർ ഇതിൽ ചവിട്ടിയാണ് കടന്നുപോകുന്നത്. കൊതുക് ശല്യവും ദുർഗന്ധവും രൂക്ഷമായിട്ടും ഓടയുടെ വിഷയം ജനപ്രതിനിധികൾ വേണ്ട ഗൗരവത്തിലെടുത്തിട്ടില്ല എന്നുവേണം കരുതാൻ. ഓടയുടെ ഇരുവശത്തുമായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.