v

രോഗ ബാധിതർ കൂടുന്നു

കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിതർ വർദ്ധിക്കുന്നതിനാൽ മൂന്ന് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കൂടി ആരംഭിക്കുന്നു. കൊല്ലം എസ്.എൻ ലാ കോളേജാകും ആദ്യ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ. നെടുമ്പന സി.എച്ച്.സി, നിലവിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ വാളകം മേഴ്സി ആശുപത്രി എന്നിവയാകും മറ്റ് രണ്ട് കേന്ദ്രങ്ങൾ. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതർക്ക് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലാണ് ചികിത്സ. രോഗലക്ഷണങ്ങൾക്ക് പുറമേ മറ്റ് അസുഖങ്ങളുള്ളവരെയും ജില്ലാ ആശുപത്രിയിലാണ് നിലവിൽ ചികിത്സിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ളവരെയാണ് പാരിപ്പള്ളി മെഡി. കോളേജിൽ പ്രവേശിപ്പിക്കുന്നത്. ജില്ലാ ആശുപത്രിയിൽ കൊവിഡ് ലക്ഷണങ്ങൾക്കൊപ്പം മറ്റ് രോഗങ്ങൾ ഉള്ളവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരക്കാർക്കായി സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുന്നത്.

 പാരിപ്പള്ളി മെഡി. കോളേജിൽ കൂടുതൽ ജീവനക്കാർ

കൊവിഡ് ചികിത്സയ്ക്കായി പത്ത് ഡോക്ടർമാരെക്കൂടി പാരിപ്പള്ളി മെഡി. കോളേജിൽ പുതുതായി താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. 30 നഴ്സ്, 23 ശുചീകരണ ജീവനക്കാർ, 5 ലാബ് ടെക്നീഷ്യൻ, മൂന്ന് ഡയാലിസിസ് ടെക്നീഷ്യൻ എന്നിവരെയും ഇന്നലെ പുതുതായി നിയമിച്ചിട്ടുണ്ട്. ആകെ 20 ഡോക്ടർമാരെയും 99 നഴ്സുമാരെയുമാണ് പാരിപ്പള്ളി മെഡി. കോളേജിൽ കൊവിഡ് ചികിത്സയ്ക്ക് താത്കാലികമായി നിയമിച്ചിരിക്കുന്നത്.

ഡോക്ടർമാർ 4 ,നഴ്സുമാ‌ർ 6, ഫിസിഷ്യൻ 1

ഒട്ടുമിക്ക ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും നിലവിൽ നാല് ഡോക്ടർമാരും ആറ് നഴ്സുമാരുമാണുള്ളത്. സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഇവർക്ക് പുറമേ ഒരു ഫിസിഷ്യൻ പൂർണസമയം ഉണ്ടാകും. ഒാക്സിജൻ സിലിണ്ടർ തുടങ്ങി വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളും വിവിധ ലാബുകളും ഇവിടെ സജ്ജമാക്കും. ഒരു ആംബുലൻസും സജ്ജമാക്കും. കൊല്ലം എസ്.എൻ ലാ കോളേജിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനുള്ള എല്ലാ സംവിധാനങ്ങളും ഒരു മാസം മുൻപേ ഒരുക്കിയിരുന്നു. ഇവിടെ സെക്കൻഡ് ലൈൻ കേന്ദ്രമാക്കാൻ ഉപകരണങ്ങളെല്ലാം ഇന്നലെയോടെ എത്തിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രം പ്രവർത്തനം തുടങ്ങിയേക്കും. വാളകം മേഴ്സി ആശുപത്രിയിലും ലാബ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി വരുകയാണ്.