ഇന്ന് ചിത്തിര
ഇന്ന് ചിത്തിര. ഓണത്തുടിയുണരുന്ന രണ്ടാംനാൾ. അത്തപ്പൂവേ..ചിത്തിരപ്പൂവേ എന്ന മനോഹരഗാനം പോലും ചിത്തിരയെ അന്വർത്ഥമാക്കുന്ന പൂക്കള വിശേഷമാണ്. ചിത്തിരനാളിലെ പ്രധാനവിശേഷം ദശപുഷ്പങ്ങളുടെ ആഗമനമാണ്. കൈരളിയുടെ നാട്ടുപച്ചകളാണ് ദശപുഷ്പങ്ങൾ. ഇവ സ്ത്രീകൾ തലയിൽ ചൂടുന്നതിന് തുടക്കമിടുന്നത് ചിത്തിര നാളിലാണ്. ദശപുഷ്പങ്ങൾ മാത്രമുപയോഗിച്ച് പൂക്കളമിടണമെന്നാണ് ആചാരം. ആയുർവേദ മരുന്നുകളിൽ ദശപുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്. ദശപുഷ്പം കൃമികീടങ്ങളെ അകറ്റുമെന്നാണ് വിശ്വാസം. മുടിതഴച്ച് വളരാനും മുറിവുകളിൽ പുരട്ടാനും കഷായത്തിനുമൊക്കെ ദശപുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്. ദശപുഷ്പങ്ങളിൽ ഒന്നെങ്കിലും എന്നും പൂക്കളത്തിലുണ്ടാവട്ടെ.
വിഷ്ണുക്രാന്തി, തിരുതാളി, ചെറൂള, മുയൽചെവിയൻ, കറുക, മുക്കുറ്റി, പൂവാംകുറുന്തൽ, നീലപ്പന, കയ്യോന്നി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ. പുഷ്പങ്ങൾ എന്നു പറയുന്നുണ്ടെങ്കിലും ഇവയുടെ ഇലകളാണ് മുഖ്യമായും എടുക്കുക. പലരും കുറിയിടാനായി മുക്കുറ്റി അരച്ചെടുക്കാറുണ്ട്. അതുപോലെതന്നെ എണ്ണ തേയ്ക്കാൻ കയ്യോന്നിയും പൂവാംകുറുന്തലും ഉപയോഗിക്കും. കരിയെഴുതാൻ കറുകയും മുക്കുറ്റിയും ചേർത്തെടുക്കും. ബാക്കിയൊക്കെ കഷായത്തിനും പൂജകൾക്കും മുറിവുണക്കാനും ഉപയോഗിക്കും. ചിത്തിരയിൽ സ്ത്രീകൾ ദശപുഷ്പം ചൂടിത്തുടങ്ങിയാൽ തിരുവോണം വരെ ചൂടണമെന്നാണ് പറയാറ്. ഇതിൽ വിഷ്ണുക്രാന്തി ചൂടി വിഷ്ണു സഹസ്രനാമം ഉരുവിട്ടാൽ അഭീഷ്ടസിദ്ധിയുണ്ടാവുമെന്നും വിശ്വാസമുണ്ട്. ഈ മഹത്തായ പൈതൃകത്തെക്കുറിച്ച് പുതുതലമുറയെ ഓർമ്മപ്പെടുത്താനാണ് ദശപുഷ്പങ്ങളെപ്പറ്റി പറഞ്ഞത്. ദശപുഷ്പം നിലവിളക്കിന്റെ താലത്തിൽ വച്ച് സന്ധ്യാവേളയിൽ പൂജിച്ചാൽ സാമ്പത്തിക ഉന്നമനം ഉണ്ടാവുമെന്നാണ് വിശ്വാസം.