കൊല്ലം : തഴവയിൽ സമ്പർക്ക വ്യാപനത്തിലൂടെ ഒരുവയസുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തഴവ പഞ്ചായത്ത് 22 -ാം വാർഡിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ഏതാനും ദിവസം മുമ്പ് കുട്ടിയുടെ ബന്ധുവും പത്തനംതിട്ടയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഫീൽഡ് ജീവനക്കാരനുമായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.യുവാവിന്റെ അടുത്ത ബന്ധുവിന്റെ ഇരട്ടക്കുട്ടികളിലൊന്നിനാണ് രോഗമുണ്ടായത്. യുവാവുമായുള്ള സമ്പ‌ർക്കമാണ് കുട്ടിയ്ക്ക് രോഗമുണ്ടാകാൻ കാരണമായത്. യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെട്ടതിനാൽ രണ്ട് കുട്ടികളെയും കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച കുട്ടിയെ പാരിപ്പള്ളി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി. പിഞ്ചുകുഞ്ഞിന്റെ രോഗ ബാധ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കുട്ടിയുടെ മാതാവും കുഞ്ഞുമായി അടുത്തിടപഴകിയ ബന്ധുക്കളുമെല്ലാം നിരീക്ഷണത്തിലാണ്.യുവാവുമായി സമ്പർക്കമുണ്ടായ നിരവധിപേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും മറ്റാർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.തഴവയിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുല്ലശേരി വാർഡ്, മണപ്പള്ളി, പഞ്ചായത്ത് ഓഫീസ് വാർഡുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗ പ്രതിരോധ - ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.തഴവ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ റഷീദ്, ഡോ.സംഗീത, ഹെൽത്ത് ഇൻസ്പെക്ടർ‌ പ്രദീപ് വാരിയത്ത് എന്നിവർ പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്താണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.