കുളത്തൂപ്പുഴ: കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുകയും ഓണവിപണി സജീവമാവുകയും ചെയ്തതോടെ കുളത്തൂപ്പുഴ ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങളിലടക്കം
കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ
പഞ്ചായത്ത്തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
പൊതുനിരത്തിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം കൃത്യമായും പാലിക്കണമെന്നും
ശരിയായ രീതിയിൽ മാസ്ക് ധരിച്ച് കൊണ്ട് മാത്രമെ പുറത്ത് ഇറങ്ങാൻ പാടുള്ളൂവെന്നും
കുളത്തൂപ്പുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഗിരീഷ് അഭിപ്രായപ്പെട്ടു.
വലിയ വാഹനങ്ങളിലുള്ള ലോഡിംഗ് ,​അൺലോഡിംഗ് ജോലികൾ രാവിലെ 9.30ന് മുമ്പോ ഉച്ചയ്ക്ക് 1.30നും വൈകിട്ട് 3.30ന് ഇടയ്ക്കോ നടത്താം. സ്വകാര്യ വാഹനങ്ങൾ കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്തോ ഇൻസ്പെക്ഷൻ ബംഗ്ലാവ് പരിസരത്തോ പാർക്ക് ചെയ്യാം. അഞ്ചൽ ഭാഗത്തേയ്ക്ക് പോകുന്ന
ബസുകൾ പഞ്ചായത്ത് ഓഫീസ് സമീപത്ത് നിന്നും മടത്തറ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ
യു.പി .എ ജംഗ്ഷനിൽ നിന്നും മാത്രമെ ജനങ്ങളെ കയറ്റാവൂ. തെന്മല ഭാഗത്തേയ്ക്ക്
പോകുന്ന വാഹനങ്ങൾ മുസ്ലിം പള്ളിയ്ക്ക് സമീപത്തായി പാർക്ക് ചെയ്യണം. ആട്ടോ ടാക്സി സെൻട്രൽ ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി ഒരു വശത്തായി മാത്രമെ പാർക്ക് ചെയ്യാവൂ.
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ കടകൾ തുറന്ന് പ്രവർത്തിക്കാം. കുളത്തൂപ്പുഴ മാർക്കറ്റ് തുറക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ആലോചിച്ച് തീരുമാനിക്കുമെന്നും നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ നിലവിൽ വരുമെന്നും
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കുളത്തൂപ്പുഴ സർക്കിൾ ഇൻസ്പെക്ടർ ഗിരീഷ് അറിയിച്ചു. യോഗത്തിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാ ബീവി വൈസ് പ്രസിഡൻറ് സാബു എബ്രഹാം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോർജ് വർഗീസ്, സെക്രട്ടറി ഷാനവാസ്, തുടങ്ങിയവർ പ്രസംഗിച്ചു