പുത്തൂർ:ഓണത്തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി പുത്തൂരിൽ താത്ക്കാലിക പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമായി. ടൗണിൽ പൂർണമായും അനുബന്ധ റോഡുകളിൽ 150 മീറ്റർവരെ ദൂരത്തിലും പാർക്കിംഗ് നിരോധിച്ചതിനെ തുടർന്നാണ് പുതിയ കേന്ദ്രങ്ങൾ കണ്ടെത്തിയത്. പുത്തൂർ മാറനാട് റോഡിൽ കുമ്പഴ ക്ഷേത്രം ഗ്രൗണ്ട്, ചെല്ലം തീയേറ്റർ മൈതാനം, ചീരങ്കാവ് റോഡിൽ ചാലിൽ ഭാഗത്തെ സ്വകാര്യ പുരയിടം,ചേരിയിൽ ദേവീക്ഷേത്ര മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ചന്തമുക്ക് ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ഇരു ചക്രവാഹനങ്ങൾ പാർക്കും ചെയ്യാം. രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് 3 മുതൽ 7വരെയും ടൗണിൽ വലിയ വാഹനങ്ങൾ ചരക്കിറക്കാൻ പാടില്ല. ഈ സമയങ്ങളിൽ എത്തുന്ന ചരക്ക് വാഹനങ്ങൾക്ക് ചീരങ്കാവ് റോഡിൽ സ്വകാര്യ ഹോട്ടലിന് സമീപത്തെ വലിയ പുരയിടത്തിൽ പാർക്കു ചെയ്യാം. ഇവിടെയല്ലാം അടുത്ത ദിവസം സൂചനാ ബോർഡുകൾ സ്ഥാപിക്കും. ട്രാഫിക് വാർഡൻമാർക്ക് പുറമേ സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സഹായവും ഗതാഗത നിയന്ത്രണത്തിനായി സ്വീകരിക്കും. ഓണക്കാലത്ത് തെരുവു കച്ചവടവും മറ്റ് അനധികൃത കച്ചവടങ്ങളും നിരോധിച്ചിട്ടുണ്ട്. 22 മുതൽ 30 വരെയാണ് നിയന്ത്രണങ്ങൾ.