കൊല്ലം:അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയുംകൂടി അറസ്റ്റിലായതോടെ ഒരു കുടുംബത്തിലെ മുഴുവൻ പേരും പ്രതികളാവുകയും ജയിലിലെത്തുകയും ചെയ്തു.പിതാവ് സുരേന്ദ്ര പണിക്കർ എൺപതു ദിവസത്തെ ജയിൽ വാസം കഴിഞ്ഞ് ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. സൂരജ് ഇപ്പോഴും ജയിലിലാണ്.
നേരത്തേ മുന്നു തവണ കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലും രണ്ടു തവണ അടൂർ പറക്കോട്ടെ വീട്ടിലും സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റിലേക്ക് നീങ്ങിയിരുന്നില്ല. ജയിലിന് പുറത്തിറങ്ങുന്നത് തടയാൻ സൂരജിനെതിരെ ആദ്യകുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് അമ്മയെയും സഹോദരിയെയും അറസ്റ്റുചെയ്തത്. മൂന്ന് മാസം പൂർത്തിയാവും മുൻപാണ് എല്ലാവരും അറസ്റ്റിലായത്.
കൊലപാതകത്തിന് ശേഷം സൂരജിനോട് ഒളിവിൽ പോകാൻ പറഞ്ഞത് സൂര്യയായിരുന്നു. നാലു ഫോണുണ്ടായിട്ടും മൂന്നെണ്ണം മാത്രമേയുള്ളൂവെന്നും ഒന്നും അറിയില്ലെന്നും സൂര്യ മൊഴി നൽകിയിരുന്നു. ഇത് കളവാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സൂരജ് ഒളിവിൽ പോയത് സൂര്യ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന യുവാവിന്റെ വീട്ടിലാണ്.
ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് സൂര്യയുടെ വിവാഹത്തിന് വേണ്ടിയായിരുന്നെന്നും പൊലീസ്
പറയുന്നു.
ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ
സൂരജിന്റെ അമ്മ രേണുകയും അച്ഛൻ സുരേന്ദ്ര പണിക്കരും സഹോദരി സൂര്യയും എല്ലാം അറിഞ്ഞിട്ടുണ്ടെന്നും ഗൂഢാലോചനയിലും തെളിവു നശിപ്പിക്കലിലും പങ്കാളികളായെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആദ്യത്തെ പാമ്പിനെ കൊണ്ടുവന്നതു മുതൽ ഇവർക്ക് കാര്യങ്ങളെല്ലാം അറിയാമായിരുന്നു. മരണ വീട്ടിലും എല്ലാവരും ദുഃഖം നടിക്കുകയായിരുന്നു. ഇവരുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തിയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.