neendakara
നീണ്ടകര ഹാർബർ

കൊല്ലം: ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ കൊവിഡ് ഭീതി ഒഴിയുന്നില്ല. തുറുമുഖവുമായി ബന്ധമുള്ള കൂടുതൽ പേരിലേക്ക് പടരുന്നുണ്ടോയെന്ന് വിലയിരുത്തിയ ശേഷം ഇരുഹാർബറുകളും ഒരുമിച്ച് തുറക്കാനാണ് സാധ്യത.

സമീപത്ത് ചായക്കട നടത്തുന്നയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശക്തികുളങ്ങര ഹാർബർ വ്യാഴാഴ്ച രാത്രിയാണ് അടച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പത്ത് പേർക്ക് കൂടി കൊവിഡ് കണ്ടെത്തി. നീണ്ടകര ഹാർബർ ഇന്നലെ രാത്രിയാണ് അടച്ചത്. നിലവിൽ കൊവിഡ് സ്ഥിരീച്ചവരുമായി സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലം വന്ന ശേഷമേ ഹാർബറുകൾ തുറക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം തീരുമാനമെടുക്കൂ.

ഹാർബറുകൾ തുറന്നാൽ കൊവിഡ് വ്യാപനമുണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്റ്സ് റിപ്പോർട്ട് ഉണ്ടായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാണോ തീരത്തെ കൊവിഡ് വ്യാപനത്തിന്റെ ഉറവിടമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ കുളച്ചലിൽ നിന്നും കന്യാകുമാരിയിൽ നിന്നുമെത്തിയ മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 നിരോധനം ലംഘിച്ച വള്ളങ്ങൾക്ക് പിഴ

നിരോധനം ലംഘിച്ച് നീണ്ടകരയിൽ നിന്ന് കടലിൽ പോയ ആറ് വള്ളങ്ങൾക്ക് ഫിഷറീസ് വകുപ്പ് പിഴ ചുമത്തി. ഓരോ വള്ളങ്ങൾക്കും ഇരുപതിനായിരം രൂപ വീതമാണ് പിഴ ചുമത്തിയത്.

 ഹാർബർ അടിച്ചിട്ടും മത്സ്യ വില്പന, പ്രതിഷേധം

ഹാർബർ അടച്ചിട്ടും ബോട്ടുകൾ കൊണ്ടുവന്ന മത്സ്യം ഹാർബറിൽ വച്ച് വിൽക്കാൻ അനുവദിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. നിരോധനം നിലവിൽ വരുന്നതിന് മുമ്പേ പുറപ്പെട്ട ബോട്ടുകളായത് കൊണ്ടാണ് വില്പന അനുവദിച്ചതെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഒരു വിഭാഗം വള്ളക്കാർ നിരോധനം ബോധപൂർവം ലംഘിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.