വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു
കൊല്ലം: എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ജി. വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ, ബോർഡ് മെമ്പർമാരായ അഡ്വ. പി. സജീവ് ബാബു, അഡ്വ. പി. അരുൾ, അഡ്വ. എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാരായ കുടവട്ടൂർ രാധാകൃഷ്ണൻ, സി. ശശിധരൻ, അഡ്വ. കെ. സുഗുണൻ, പി.എസ്. ജുബിൻഷാ, എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ അഡ്വ. എം.എൻ. നടരാജൻ എന്നിവർ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ പനവേലി ശാഖാ പ്രസിഡന്റ് ഉത്തമന് ആദ്യ കിറ്റ് കൈമാറി. യൂണിയനിലെ 92 ശാഖകളിലെ നിർദ്ധന കുടുംബങ്ങൾക്കാണ് യൂണിയന്റെയും ശാഖകളുടെയും നേതൃത്വത്തിൽ ഓണക്കിറ്റ് നൽകുന്നത്. ഇതിൽ യൂണിയൻ വിഹിതമായി പതിനായിരം കിലോ അരി നൽകുന്നുണ്ട്.
പാവങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ പ്രവർത്തനം: വെള്ളാപ്പള്ളി
കൊവിഡ് പിടിമുറുക്കിയതോടെ ദുരിതത്തിലായ കുടുംബങ്ങൾക്ക് ഓണക്കിറ്റെന്ന നിലയിൽ ഭക്ഷ്യധാന്യമെത്തിക്കുന്നത് മാതൃകാപരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊട്ടാരക്കര യൂണിയന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊവിഡും കനത്തമഴയും നാശം വിതയ്ക്കുന്ന കാലത്താണ് ഇക്കുറി ഓണം കടന്നുവരുന്നത്. ഒട്ടേറെ കുടുംബങ്ങൾ തീർത്തും വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണ്. കൊട്ടാരക്കര യൂണിയനിലെ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം എത്തിക്കാനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.