പുനലൂർ:കൊവിഡ് വ്യാപനങ്ങളെ തുടർന്ന് തെന്മല പഞ്ചായത്തിലെ ഇടമണിൽ ഇട റോഡുകളിലും മറ്റും പെട്ടി ആട്ടോയിൽ സഞ്ചരിച്ച് അനധികൃതമായി മത്സ്യ കച്ചവടം നടത്തിയ ഇടമൺ ഹൈസ്കൂൾ സ്വദേശി സെയ്നുദ്ദീനെതിരെ(51) തെന്മല പൊലീസ് കേസ് എടുത്തു.ജില്ലാ റൂറൽ പൊലിസ് സൂപ്രണ്ട് ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തെന്മല എസ്.ഐ.പ്രവീൺകുമാറിൻെറ നേതൃത്വത്തിലുളള പൊലീസാണ് കേസ് എടുത്തത്. ജില്ലയിലെ ഇട റോഡുകളിലും മറ്റും വാഹനങ്ങളിൽ അനധികൃതമായി കൊണ്ട് നടന്ന് മത്സ്യ വ്യാപാരം നടത്തുന്നത് ജില്ലാ കളക്ടർ നിരോധിച്ചിരുന്നു.എന്നാൽ നിരോധം ലംഘിച്ച് പഞ്ചായത്തിലെ ഊടു വഴികളും, ഇട റോഡുകളും കേന്ദ്രീകരിച്ച് അനധികൃത മത്സ്യകച്ചവടം വ്യാപകമാക്കിയിരുന്നു.പെട്ടി ആട്ടോകൾ, ബൈക്കുകൾ തുടങ്ങിയവയിൽ മത്സ്യങ്ങളുമായി എത്തിയാണ് വ്യാപാരികൾ അനധികൃതമായി മത്സ്യ കച്ചവടം നടത്തി വന്നത്.