പത്തനാപുരം : വനാതിർത്തിയിലെ താമസക്കാരനായ യുവാവിനെ കാണാനില്ലെന്ന് പരാതി.പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ പൂങ്കുളഞ്ഞി കടശ്ശേരി മുക്കലംപാട് തെക്കേക്കര ലതികവിലാസം രവീന്ദ്രൻ - ലതിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് (17) കാണാതായത്. ആഗസ്റ്റ് 19ന് രാത്രി മുതലാണ് രാഹുലിനെ കാണാതായത്.പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ വീടിന് സമീപത്തായുള്ള മൂന്ന് ഷെഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങാറുള്ളത്. മിക്ക ദിവസവും രാത്രിയിൽ രാഹുലിനൊപ്പം സുഹൃത്തുക്കളും ഉണ്ടാകാറുണ്ടെന്ന് പറയുന്നു. രാവിലെ മാതാവ് ലതിക വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന് വിവരം അറിയുന്നത്.തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. 17 ന് രാത്രി 10 മണി വരെ മൊബൈലിൽ ഓൺ ലൈനിൽ ഉണ്ടായിരുന്നു. മൊബൈലും കാണാതായിട്ടുണ്ട്.രണ്ട് ദിവസം വമേഖലയിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയിട്ടും കണ്ടെത്താനായില്ല.തുടർന്ന് ഇന്നലെ പത്തനാപുരം സി.ഐ രാജീവിന്റെ നേതൃത്വത്തിൽ പൊലീസും വനപാലകരും നാട്ടുകാരും കൊല്ലത്ത് നിന്നുള്ള ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ അന്വേഷണസംഘവും സംയുക്തമായി തിരച്ചിൽ നടത്തി.ഇതിനിടെ ഉൾവനത്തിൽ രക്തക്കറ കണ്ടത് സംശയത്തിനിടയാക്കി. രക്തസാമ്പിൾ പരിശോധനയ്ക്കയച്ചതായി സി.ഐ രാജീവ് പറഞ്ഞു. പ്രദേശത്ത് വന്യ മൃഗശല്യം കുടുതലായിട്ടുള്ളിടമാണ്. രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. ഇന്ന് പ്രത്രേക സംഘങ്ങളായി തിരച്ചിൽ തുടരുമെന്ന് പൊലീസ് വനം വകുപ്പ് അധികൃതർ പറഞ്ഞു.കഴിഞ്ഞ 23 വർഷക്കാലമായി വനാതിർത്തിയോട് ചേർന്നാണ് കുടുംബം താമസിച്ച് വന്നത്.പ്ലസ് ടുവിന് വിജയിച്ച് ഉപരിപഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവാവിന്റെ തിരോധാനം.