fish

കൊല്ലം: ജില്ലയിലെ ഹാർബറുകളിൽ മത്സ്യവില കുത്തനെ ഇടിഞ്ഞു. വില്പനയ്ക്കുള്ള തടസം കാരണം മത്സ്യം വാങ്ങാനെത്തുന്ന കച്ചവടക്കാരുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. കൊല്ലം തീരത്തടക്കം ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച വിലയേക്കാൾ വളരെ താഴ്ന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി വില്പന നടക്കുന്നത്. ഇടത്തരം അയല കിലോയ്ക്ക് നൂറ് രൂപയാണ് കൊല്ലം തീരത്ത് ഹാർബർ മാനേജ്മെന്റ് നിശ്ചിയിച്ചിരിക്കുന്ന വില. എന്നാൽ ശനിയാഴ്ച 70, 80 രൂപയ്ക്ക് വിൽക്കേണ്ട അവസ്ഥയുണ്ടായി. 350 രൂപയാണ് ആവോലിയുടെ അടിസ്ഥാന വില. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 200 രൂപയ്ക്ക് വരെ വിൽക്കേണ്ടി വന്നു. ഒട്ടുമിക്ക ഇനങ്ങളുടെയും അവസ്ഥ സമാനമാണ്.

മത്സ്യ ഇനം, ഈമാസം 8 ലെ കൊല്ലം തീരത്ത വില, നിലവിലെ വില(കിലോയ്ക്ക്)

നെയ്മീൻ ചെറുത്: 650, 500

നെയ്മീൻ വലുത്: 750, 550

ചൂര വലുത്: 250, 200

ചൂര ചെറുത്: 180, 130

അയല ഇടത്തരം: 240, 100

അയല ചെറുത്: 120, 60

ചാള: 220, 160

കരിച്ചാള: 150, 100

കച്ചവടക്കാരുടെ എണ്ണം കുറയുന്നു

ഈമാസം ഹാർബറുകൾ തുറന്നപ്പോൾ അടച്ച സമയത്തെ വിലയായിരുന്നു നിലവിലുണ്ടായിരുന്നത്. സാധാരണ മത്സ്യലഭ്യത ഉയരുമ്പോഴാണ് വില കുറയ്ക്കുന്നത്. എന്നാൽ കച്ചവടക്കാരുടെ എണ്ണം ഇടിഞ്ഞ് ആവശ്യകത കുറഞ്ഞതോടെ കഴിഞ്ഞ ദിവസം ഹാർബർ മാനേജ്മെന്റ് കമ്മിറ്റി കൂടി എല്ലാ ഇനം മത്സ്യങ്ങളുടെയും വില കുറയ്ക്കുകയായിരുന്നു. എന്നാൽ ചില കച്ചവടക്കാർ ഹാർബറിൽ നിന്ന് വാങ്ങുന്ന മത്സ്യം കൊള്ള വിലയ്ക്ക് പുറത്ത് വിൽക്കുന്നുണ്ട്.

വഴിയോരക്കച്ചവടം

ഭൂരിഭാഗം ചന്തകളും അടഞ്ഞുകിടക്കുന്നതിനൊപ്പം വഴിയോരക്കച്ചവടത്തിനും വിലക്കുള്ളതിനാലാണ് കച്ചവടക്കാർ മത്സ്യം വാങ്ങാൻ ഹാർബറുകളിലെത്താത്തത്. ചന്തകൾ തുറക്കാൻ സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചെങ്കിലും അതിന് അനുസരിച്ചുള്ള നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളും പൊലീസും തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഹാർബറുകൾ ഉടൻ തുറക്കും: മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ

കൊല്ലം: താത്കാലികമായി അടച്ച ജില്ലയിലെ ഹാർബറുകൾ തുറക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഹാർബറുകൾ അടച്ചത് രോഗബാധിതരെ കണ്ടെത്താനും പരിശോധന നടത്താനുമാണ്. ബോട്ടുകളിൽ പോയ തൊഴിലാളികൾ, കച്ചവടക്കാർ, ഹെഡ് ലോഡ് തൊഴിലാളികൾ എന്നിവരിൽ രോഗബാധ കണ്ടെത്തിയിരുന്നു. നീണ്ടകരയിൽ പോസിറ്റീവായ ഒരാൾക്ക് അഴീക്കലിൽ വ്യാപകമായ സമ്പർക്കം കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങളാലാണ് ഹാർബറുകൾ താത്കാലികമായി അടച്ചിടേണ്ടി വന്നത്. തിരുവനന്തപുരത്തിന് സമാനമായ സാഹചര്യം ഇനിയും ഉണ്ടാവരുത്. മത്സ്യത്തൊഴിലാളികൾ കുപ്രചാരണങ്ങളിൽ വീഴരുതെന്നും മന്ത്രി വ്യക്തമാക്കി.

ഹാർബറുകൾ നിയന്ത്രിക്കാൻ ഇൻസിഡന്റ് കമാൻഡർമാർ

കൊല്ലം: കൊവിഡ് പോസിറ്റീവ് കേസുകൾ ഹാർബറുകളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് ഇൻസിഡന്റ് കമാൻഡർമാരായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാർക്ക് ചുമതല. ശക്തികുളങ്ങര, തങ്കശ്ശേരി,വാടി, മൂതാക്കര, ജോനകപ്പുറം, കൊല്ലം പോർട്ട് എന്നിവിടങ്ങളിൽ കൊല്ലം എ.സി.പി എ. പ്രതീപ് കുമാറിനും നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിൽ കരുനാഗപ്പള്ളി എ.സി.പി ബി. ഗോപകുമാറിനുമാണ് ചുമതല. ഹാർബറുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കാനുള്ള പ്രത്യേക അധികാരവും ഇൻസിഡന്റ് കമാൻഡർമാർക്കാണ്. നീണ്ടകര ഹാർബർ ഇന്ന് തുറക്കും കൊല്ലം: നീണ്ടകര ഹാർബർ ഇന്ന് രാവിലെ 6 മണി മുതൽ പ്രവർത്തിക്കും. നേരത്തേ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലം ലഭിച്ച ശേഷം ശക്തികുളങ്ങര ഹാർബർ തുറക്കുന്നത് പരിഗണിക്കും. അഴീക്കൽ ഹാർബർ തുറക്കുന്നതും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.