photo
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജാകുന്നതിന്റെ ഭാഗമായുള്ള കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം 25ന് രാവിലെ 11ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ്. പി.ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമളയമ്മ,​ വൈസ് ചെയർമാൻ ഡി.രാമകൃഷ്ണപിള്ള എന്നിവർ സംസാരിക്കും.

കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി

കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി രണ്ട് കെട്ടിടങ്ങളൊഴികെ ബാക്കിയെല്ലാം ഘട്ടംഘട്ടമായി പൊളിച്ചുനീക്കും. മൂന്ന് മോർച്ചറി കെട്ടിടങ്ങളും പേ ആൻഡ് യൂസ് കംഫർട്ട് സ്റ്റേഷനും പൊളിച്ചുകഴിഞ്ഞു. പകരം സംവിധാനമില്ലാതെ മോർച്ചറി പൊളിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതുകൊണ്ടുതന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാത്ത വിധം താത്കാലിക മോർച്ചറി സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. മോർച്ചറികൾ നിന്നിരുന്ന ഭാഗത്തായി നിരപ്പാക്കിയശേഷം നാല് നിലകളുള്ള കെട്ടിടമാണ് പണിയും. മുൻവശത്തെ കെട്ടിട നിർമ്മാണത്തിന്റെ പൈലിംഗും ആരംഭിക്കും. പൈലിംഗിന്റെ ട്രയൽ നടത്തിയാൽ ഇതിന്റെ പരിശോധനാ ഫലം വരാൻ പിന്നെയും ഒരു മാസം വൈകുമെന്നാണ് അധികൃതർ അറിയിച്ചത്.

67.67 കോടി രൂപയുടെ വികസന പ്രവർത്തനം

കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. 233 കിടക്കകളുള്ള വാർഡും അഡ്മിനിസ്ട്രേഷൻ ബ്ളോക്കും ഡയഗനോസ്റ്റിക് ബ്ളോക്കും വാർഡ് ടവറുമടങ്ങുന്ന ബഹുനില കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.