പുത്തൂർ: കാരിക്കൽ എലായിൽ ഒന്നരഎക്കറോളം സ്ഥലത്ത് ഞവരനെല്ല് കൃഷിയാണ്. പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും കൃഷി കൂടെക്കൂട്ടണമെന്നത് ജെ. രാമാനുജന് നിർബന്ധമാണ്. വർഷങ്ങളേറെയായി കാരിക്കൽ എലായിൽ ഞവരനെല്ലാണ് വിളയുന്നത്. നെൽക്കൃഷി വലിയ ലാഭമൊന്നുമല്ലെങ്കിലും ഞവരനെല്ലിനെ വിട്ടുപിടിക്കാൻ രാമാനുജൻ തയ്യാറല്ല.അതിരാവിലെ ഉണർന്ന് കൃഷിയിടത്തിൽ ഒരു മണിക്കൂറോളം ചെലവഴിച്ചിട്ടെ മറ്റെന്തുമുള്ളു. പവിത്രേശ്വരം മുൻ പഞ്ചായത്ത് പ്രസിഡന്റു കൂടിയായ രാമാനുജൻ സിപിഐ എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗവും കാഷ്യു സ്റ്റാഫ് സെന്റർ ( സിഐ ടിയു ) സംസ്ഥാന പ്രസിഡന്റുമാണ്. ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിയാണ് രാമാനുജന്റേത്. ബംഗളൂരുവിലെ ആയുർവേദ സ്ഥാപനത്തിലേക്ക് രാമാനുജൻ ഞവര നെൽ നൽകുന്നുണ്ട്.
ഞവര കൃഷി
ഭൂപ്രദേശ സൂചിക പദവി ലഭിച്ച കേരളത്തിലെ അപൂർവം കാർഷിക ഉൽപ്പന്നങ്ങളിൽ ഒന്നാണ് ഞവര. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഞവരയ‌്ക്ക് വിശിഷ്ട സ്ഥാനമാണ‌്. പഞ്ചകർമ ചികിത്സയിൽ ഏറെ പ്രാധാന്യമുണ്ടിതിന്.സാധാരണ നെല്ലിനേക്കാൾ വിലയും കൂടുതലാണ‌്. പൂർണമായും ജൈവ സമ്പ്രദായത്തിലാണു കൃഷി .