കൊല്ലം: കശുഅണ്ടി തൊഴിലാളികൾക്ക് ഇത്തവണ 20 ശതമാനം ബോണസ്. ബോണസിന്റെ അഡ്വാൻസായി 9500 രൂപ ലഭിക്കും. കൊല്ലം കളക്ടറേറ്റിൽ നടന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സ്വകാര്യ ഫാക്ടറി ഉടമകൾ യോഗത്തിൽ പങ്കെടുത്തില്ല.
ബോണസ് അഡ്വാൻസ് തുക 27ന് മുൻപ് വിതരണം ചെയ്യണം. സ്വാതന്ത്ര്യദിനം, തിരുവോണം ദിവസങ്ങളിലെ ഉത്സവദിന ശമ്പളം ബോണസ് അഡ്വാൻസിനൊപ്പം നൽകും. കശുഅണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളത്തിനു തുല്യമായ തുക ബോണസായി നൽകും. മാന്ദ്യവും മഹാമാരിയും നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ലഭിക്കാവുന്ന മാന്യമായ ബോണസാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. അഡിഷണൽ ലേബർ കമ്മിഷണർമാരായ കെ.എൻ. സുനിൽ, രഞ്ജിത് പി. മനോഹർ, റീജിയണൽ ജോയിന്റ് കമ്മിഷണർ പി.കെ. ശങ്കർ, ജില്ലാ ലേബർ ഓഫീസർ എ. ബിന്ദു, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, കാപ്പക്‌സ് ചെയർമാൻ പി.ആർ. വസന്തൻ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു.