ഇന്നലെ നഗരപരിധിയിൽ കൊവിഡ് സ്ഥിരീകരിച്ചത് 35 പേർക്ക്
കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ 19 ശതമാനവും കൊല്ലം നഗരവാസികൾ. നേരത്തെയുള്ള അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി പോസിറ്റീവാകുന്നവരുടെ എണ്ണം നഗരത്തിൽ ദിനംപ്രതി വർദ്ധിക്കുകയാണ്.
ഈ മാസം ഒന്ന് വരെ 134 പേർക്കാണ് നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 82 പേർ മാത്രമാണ് അന്ന് ചികിത്സയിലുണ്ടായിരുന്നത്. ഇന്നലത്തെ കണക്ക് പ്രകാരം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 391 ആയി. 196 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇന്നലെ മാത്രം നഗരത്തിൽ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗബാധിതരായവരുടെ പ്രാഥമിക സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിരുന്നവരാണ് ഇന്നലെ പോസിറ്റീവായത്.
അഞ്ചാലുംമൂട്, മതിലിൽ, മരുത്തടി, പാലത്തറ, കാവനാട്, എച്ച്.ആൻഡ്.സി എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ പേർ പോസിറ്റീവായത്. ഇവരെല്ലാം നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ കുടുംബാംഗങ്ങളാണ്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പരിശോധനാഫലം വരുമ്പോൾ വരുംദിവസങ്ങളിൽ നഗരത്തിലെ കൊവിഡ് കണക്ക് കുത്തനെ ഉയരും. നഗരത്തിലെ കൊവിഡ് വ്യാപനത്തിന് പൊതുവായ ഉറവിടം ഇല്ലാത്തതും ആശങ്ക പടർത്തുന്നുണ്ട്. ഇതുവരെ കണ്ടെത്താത്ത നിരവധി പേർ നിലവിൽ രോഗബാധിതരാണെന്നാണ് ഇത് നൽകുന്ന സൂചന.
നഗരത്തിലെ കൊവിഡ് കണക്ക്
തീയതി, ആകെ രോഗം സ്ഥിരീകരിച്ചവർ, നിലവിൽ ചികിത്സയിലുള്ളവർ, രോഗമുക്തർ, മരണം
ഈ മാസം ഒന്ന് വരെ: 134, 81, 50, 3
ഇന്നലെ: 391, 196, 192, 3
നഗരമേഖല ഒന്നൊന്നായി അടയുന്നു
കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിനൊപ്പം നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി മാറുന്ന പ്രദേശങ്ങളും വർദ്ധിക്കുകയാണ്. നിലവിൽ ഏഴ് ഡിവിഷനുകൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണുകളാണ്. 11 ഡിവിഷനുകളിലെ ഒന്നിലധികം പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാണ്.