തൊടിയൂർ: നാലുവയസുകാരൻ ആദം അലി മുഹമ്മദ് നാടറിയുന്ന അറിവിന്റെ നിറകുടമാണ്. 196 രാജ്യങ്ങളുടെ പേരും അവയുടെ തലസ്ഥാനങ്ങളും ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമെല്ലാം ഈ മിടുക്കന് കാണാപ്പാഠം.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പേരുകൾ, ദേശീയപക്ഷി, മൃഗം എന്നിങ്ങനെ എന്ത് ചോദിച്ചാലും ഉത്തരം മണിമണിപോലെ പറയും. വെളുത്തമണലിൽ ജനസേവന കേന്ദ്രം നടത്തുന്ന തൊടിയൂർ ഇടക്കുളങ്ങര അഫ്സൽ വില്ലയിൽ അൻവർസാദത്തിന്റെയും ഫാർമസിസ്റ്റായ വാഹിദയുടെയും മൂന്നു മക്കളിൽ ഇളയവനാണ് ആദം.
വാഹിദ മൂത്ത കുട്ടികളെ പഠിപ്പിക്കുമ്പോൾ രണ്ട് വയസ് മുതൽ ആദമും ഒപ്പംകൂടും. ഉറങ്ങാൻ കിടക്കുമ്പോൾ പഠിപ്പിച്ച പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ചോദിക്കും. അവർ ഉത്തരം പറയും മുമ്പ് കുഞ്ഞ് ആദം ഉത്തരം പറയും. ഇത് പതിവായതോടെയാണ് ആദത്തിന്റെ കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. തുടർന്നുള്ള പരിശീലനം ആദംമുഹമ്മദിൽ വിജ്ഞാനത്തിന്റെ കലവറ ഒരുക്കുകയായിരുന്നു. പിതാവ് അൻവർ സാദത്ത് രാജ്യത്തിന്റെ പേര് വായിക്കുമ്പോൾ തലസ്ഥാനം ഏതാണെന്ന് ആദം സെക്കൻഡുകൾക്കകം പറയും.
പൊതുവേദികളിലും ടി.വി ചാനലുകളിലും ഇതിനകം തന്നെ ആദം മിന്നും പ്രകടനം കാഴ്ചവച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരി അഷ്ഫിയ അൻവർ ഗായികയും പാടാംനമുക്ക് പാടാം റിയാലിറ്റി ഷോയിൽ സെമി ഫൈനലിസ്റ്റും ജൂനിയർ മോഡൽ ഇന്റർനാഷണലിലെ ഇന്ത്യൻ ഫൈനലിസ്റ്റുമാണ്. ആറാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ അഫ്സൽ മുഹമ്മദ് സ്കേറ്റിംഗിൽ തുടർച്ചയായി രണ്ടുമണിക്കൂർ പങ്കെടുത്ത് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്.