കൊല്ലം: ചിങ്ങത്തിലെ ചോതിയിൽ ചോദിക്കാതെ കിട്ടുമെന്നാണ് ഗ്രാമവിശുദ്ധിയുടെ വിശ്വാസം. കാർഷിക സമൃദ്ധിയുടെ അടയാളമായി പറമ്പിലും തൊടിയിലും ഓണവിളകൾ നിറഞ്ഞിരുന്ന കാലത്തെ വിശ്വാസമാണത്. മലയാളികൾക്ക് ഓണമെന്നത് വിളവെടുപ്പുത്സവമായിരുന്നു. ഓണമൊരുക്കാൻ വേണ്ടതെല്ലാം തൊടിയിലേക്കിറങ്ങിയാൽ കിട്ടിയിരുന്നു. തൊടിയിലെയും പറമ്പിലെയും വിളവെടുപ്പ് തുടങ്ങിയാൽ തിരുവോണം വരെ ഉത്സവകാലമാണ്. പാടത്തെ നെല്ല് മുതൽ പറമ്പിലെ നേന്ത്രക്കുല, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി വേണ്ടതെല്ലാം വീട്ടുമുറ്റത്തേക്ക് വിളവെടുത്ത് കൊണ്ടുവരുന്ന ഒത്തു ചേരലിന്റെ കാലം. മൺ കയ്യാലകൾക്കപ്പുറത്ത് നിന്ന് ഇങ്ങോട്ടും ഇവിടെ നിന്ന് അങ്ങോട്ടും വേണ്ടതെല്ലാം കൊടുത്തും വാങ്ങിയും പങ്ക് വെക്കലിന്റെ മധുരം കൂടിയാണ് ഓണമെന്ന് അവർ തലമുറകളെ പഠിപ്പിച്ചു. മണ്ണിൽ പൊന്ന് വിളഞ്ഞിരുന്ന ആഹ്ലാദ കാലത്തേക്ക് മടങ്ങാനുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ ഓണക്കാലവും. ആധുനികതയിലേക്കുള്ള യാത്രയിൽ കൈവിട്ട് പോയ വിളവെടുപ്പ് കാലത്തെ ജീവിതത്തോട് ചേർത്ത് നിറുത്തണമെന്ന് ഓരോ ചിങ്ങ മാസത്തിലും ചോതി പറയാറുണ്ട്. ഇന്ന് തൊടിയിലേക്കിറങ്ങിയാൽ ചോദിക്കാതെ കിട്ടാൻ അവിടെ ശേഷിക്കുന്നത് വിളവെടുപ്പ് കാലത്തിന്റെ ഓർമ്മകൾ മാത്രം.
മണ്ണിലേക്ക് മടങ്ങിയേ മതിയാകൂ എന്ന് ബോദ്ധ്യപ്പെടുത്തിയത് നൂറ്റാണ്ടിന്റെ പ്രതിസന്ധിയായ കൊവിഡാണ്. എല്ലാ വീട്ടിലും അടുക്കളത്തോട്ടങ്ങളെന്ന ആശയത്തിന് വല്ലാത്ത പ്രചാരം ലഭിച്ചിരുന്നെങ്കിലും അടുക്കളയിലേക്ക് വേണ്ടതെല്ലാം വീട്ടുമുറ്റത്ത് വേണമെന്ന് പഠിപ്പിക്കാൻ കൊവിഡിനായി. വേണ്ടത് സ്വയം ഉത്പാദിപ്പിക്കണമെന്ന സ്വാശ്രയ ചിന്തകൾക്കപ്പുറം അതിജീവനത്തിന്റെ വ്യവസായ സംരംഭമായി കൃഷി മാറുമെന്ന പ്രതീക്ഷയാണ്. യുവാക്കളും വിദ്യാർത്ഥികളും തുടങ്ങി വീട്ടമ്മമാർ വരെ പുതിയ കാർഷിക പരീക്ഷണങ്ങളുടെ പാഠശാലകളാക്കി വീട്ടുമുറ്റങ്ങളെ മാറ്റുകയാണ്. അടുത്ത ചിങ്ങ മാസത്തിലെ ചോതിയിൽ തൊടിയിലും പറമ്പിലും ചോദിക്കാതെ ആവോളം കിട്ടാൻ ഈ മാറ്റങ്ങൾ വഴിയൊരുക്കട്ടെ...