കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിലെ ആനക്കൊട്ടൂർ ആനയം ചണ്ണയ്ക്കാപ്പാറ ഹരിജൻ കോളനിയിലെ രമണന്റെ മക്കളായ മനീഷിനും ആരോമലിനും ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാനാവാത്തതിന്റെ വിഷമം മാറുന്നു. മനീഷിന്റെയും ആരോമലിന്റെയും വിഷമകഥ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മനീഷ് പഠിക്കുന്ന ഇരുമ്പനങ്ങാട് എച്ച്.എസ്. എസിലെ പൂർവ വിദ്യാർത്ഥികളും പൂർവ അദ്ധ്യാപകരും ചില സുമനസുകളും. ഇരുമ്പനങ്ങാട് എച്ച്.എസ്. എസിലെ പഠനസൗകര്യമില്ലാത്ത മറ്റ് വിദ്യാർത്ഥികൾക്കും ഈ സഹായം ലഭിക്കുമെന്ന് സ്കൂളിലെ പ്രഥമാദ്ധ്യാപിക ആർ.എസ്.ബിന്ദു അറിയിച്ചു. അടുത്ത ആഴ്ച വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്യും.