ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കടപുഴ വാർഡിൽ വൻ തോതിൽ പാടശേഖരങ്ങൾ നികത്തിയതായി പരാതി. ഖനന പ്രവർത്തനങ്ങൾക്കും പരിവർത്തന പ്രവർത്തനങ്ങൾക്കും നിയന്ത്രണമുള്ള ശാസ്താംകോട്ട തടാകത്തിന്റെ സമീപ പ്രദേശത്തെ വയലുകളിലാണ് ലോക് ഡൗൺ സമയത്ത് പരിവർത്തന പ്രവർത്തനങ്ങൾ നടത്തിയത്. ശാസ്താംകോട്ട തടാകത്തിന്റെ വൃഷ്ടി പ്രദേശത്തുള്ള ഇടിയാട്ടുപുറം നെടുഞ്ചാൽപാടശേഖരമാണ് റവന്യു, കൃഷി വകുപ്പുകളുടെയും ഉത്തരവുകൾ മറികടന്ന് സ്വകാര്യ വ്യക്തികൾ വൻതോതിൽ പണ കോരിയത്. ശാസ്താംകോട്ട തടാകവും കല്ലടയാറും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭ ജല സ്രോതസുകളുള്ള പാടശേഖരമാണ് സ്വകാര്യ വ്യക്തികൾ നികത്തുന്നത്.

മഴക്കാലത്ത് വെള്ളക്കെട്ട്

നികത്തിയ പാടശേഖരങ്ങൾ പൂർവസ്ഥിതിയിലാക്കണം എന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പും കൃഷി വകുപ്പും നിരവധി നോട്ടീസ് നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല. അഞ്ഞൂർ ഏക്കറോളം ഉണ്ടായിരുന്ന പാടശേഖരം ഇപ്പോൾ 150 ഏക്കറിൽ താഴെ മാത്രമാണുള്ളത്. തരിശായി കിടന്ന നെൽപ്പാടങ്ങൾ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി കൃഷി യോഗ്യമാക്കിയതോടെ കൂടുതലാളുകൾ കൃഷി ചെയ്യാൻ തുടങ്ങിയതോടെ പാടശേഖരം പിന്നെയും പച്ചപ്പണിയാൻ തുടങ്ങിയിരുന്നു. തോടുകളും ഇടതോടുകളും കൊണ്ട് സമ്പന്നമായ പാടശേഖരം നികത്താൻ തുടങ്ങിയതോടെ മഴക്കാലത്ത് സമീപ പ്രദേശങ്ങളടക്കം വെള്ളത്തിലാവാൻ തുടങ്ങി.മാസങ്ങളോളം നീണ്ടു നിൽക്കുന്ന വെള്ളക്കെട്ട് പ്രദേശത്ത് പല സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്.

പ്രതീക്ഷയായ് കെ.ഐ.പി കനാൽ

റീ ബിൽ ഡ് കേരളാ പദ്ധതിയുടെ ഭാഗമായി മുതുപിലാക്കാട് നിന്ന് കെ.ഐ.പി കനാൽ പാടശേഖരത്തിലെത്തിക്കാനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് നടപടി പൂർത്തീകരിച്ചോടെ കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്.ഈ സാഹചര്യത്തിലാണ് പാടത്തേക്ക് കാർഷികയന്ത്രങ്ങളടക്കം ഇറക്കുന്നത് തടയുന്ന തരത്തിൽ പാടത്ത് വൻ തോതിൽ പണകോരുന്നത്.