പുനലൂർ: കരവാളൂർ ഗ്രാമ പഞ്ചായത്ത് അംഗം ഹൃദസ്തംഭനം മൂലം കുഴഞ്ഞുവീണ് മരിച്ചു. കരവാളൂർ പൊയ്കമുക്ക് ഏഴാം വാർഡ് അംഗവും ജനതാദൾ (യു) പ്രതിനിധിയുമായ ഒറ്റാലിപ്പള്ളി ചരുവിള വീട്ടിൽ മുരുകേശനാണ് (50) മരിച്ചത്.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട മുരുകേശൻ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തി ഇ.സി.ജി പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ സ്വന്തം സ്കൂട്ടറിൽ പൊയ്കമുക്ക് ജംഗ്ഷനിലെത്തി സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ അഞ്ചൽ മിഷൻ ആശുപത്രിയിലേക്ക് പോയി. എന്നാൽ യാത്രമദ്ധ്യേ ഓട്ടോയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.
മൃതദേഹം ഇന്നലെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് കൊവിഡ് പരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്ക് 1.30ന് പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് 5ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: ഗീതമ്മ, മക്കൾ: രജ്ഞിത, കവിത. മരുമകൻ: ശ്യാംകുമാർ.