കൊല്ലം: ഫേസ് ബുക്കിൽ തുടങ്ങുന്ന ഹണി ട്രാപ്പിന്റെ ഇരകൾ കേരളത്തിലും. അതീവ ജാഗ്രത വേണമെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. ഫേസ് ബുക്കിലെ അപരിചിത പ്രൊഫൈലുകളിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകളോട് പ്രതികരിക്കരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹണി ട്രാപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ട് പണം നഷ്ടപ്പെട്ടവർ നിരവധിയുണ്ട്. മാനഹാനിയും വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്ന് പരാതി നൽകാതെ മിക്കവരും പണം നൽകി രക്ഷപ്പെടുന്നതാണ് രീതി. വിവരം മറ്റാൾക്കാരോട് പറയാറുമില്ല. അപൂർവ്വം ചില കേസുകൾ മാത്രമാണ് പുറത്തുവരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു.
ഫേസ്ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്ത് വിശ്വാസ്യത നേടിയെടുത്താണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഫേസ് ബുക്ക് സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം വാട്ട്സ് ആപ്പ് നമ്പർ വാങ്ങും. വാട്ട്സ് ആപ്പ് ചാറ്റിലാണ് ആദ്യം തുടങ്ങുകയെങ്കിലും പിന്നീട് വീഡിയോ കോളിലേക്കും അശ്ലീല സന്ദേശങ്ങളിലേക്കും വളരും. അവരുടെ നഗ്ന വീഡിയോകൾ എന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ അയച്ചുനൽകും. പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നിർമ്മിക്കുന്ന ഇത്തരം വീഡിയോകൾ കൃത്രിമമായിരിക്കും. തിരിച്ച് നഗ്ന ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെടുന്നതോടെ കെണിയിൽ അകപ്പെട്ടെന്നറിയാതെ പലരും ഇതിന് മുതിരും. ചെറുപ്പക്കാരും മുതിർന്നവരും ആൺ, പെൺ വ്യത്യാസമില്ലാതെ ഇത്തരം ചതിക്കുഴിയിൽ വീഴുന്നുണ്ടെന്നാണ് രഹസ്യ പൊലീസിന് ലഭിച്ച വിവരം. നഗ്ന വീഡിയോകൾ അയച്ച് നൽകാൻ തുടങ്ങിയാൽ തട്ടിപ്പിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച് നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. പണം നൽകാൻ തയ്യാറാകാതിരുന്നാൽ യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത് കുടുംബ ബന്ധങ്ങളും സാമൂഹ്യ ജീവിതവും ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങും.
വ്യക്തി വിവരങ്ങൾ നൽകരുത്
നവമാദ്ധ്യമങ്ങളിൽ നൽകുന്ന വ്യക്തി വിവരങ്ങൾ പിന്തുടർന്നും തട്ടിപ്പ് സംഘങ്ങൾ എത്തിയേക്കാം. അതിനാൽ നവമാദ്ധ്യമങ്ങളിൽ വ്യക്തി വിവരങ്ങൾ പങ്ക് വയ്ക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന്റെ നിർദേശം.