kanja

തിരുവനന്തപുരം: കന്നുകുട്ടി, കോഴിക്കുഞ്ഞ്,​ സവാള.. ലോഡ് കണക്കിന് സാധനങ്ങൾ കച്ചവടം ചെയ്ത് കാശുണ്ടാക്കിയിരുന്ന മൂന്നംഗ സുഹൃത്ത് സംഘം ന്യൂജനറേഷൻ കഞ്ചാവ് കച്ചവടത്തിനിറങ്ങിയപ്പോൾ കുടുങ്ങി. ആറ്റിങ്ങൽ ആലംകോട് ഹോട്ടൽ കെട്ടിടത്തിന്റെ ഒരുഭാഗം വാടകയ്ക്കെടുത്ത് ഓൺലൈൻ കഞ്ചാവ് വിൽപ്പന നടത്തിയ സംഘമാണ് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനിടയിൽ എക്സൈസിന്റെ വലയിലായത്. കീഴാറ്റിങ്ങൽ സ്വദേശികളായ അർജുൻ,​ അജിൽ എന്നിവരും ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഗോകുലുമാണ് പിടിക്കപ്പെട്ടത്.

ആലംകോട് ജംഗ്ഷനിലെ മാമ്പൂവെന്ന റസ്റ്റോറന്റിന്റെ പിൻവശം കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. നാട്ടുകാരും അടുത്ത സുഹൃത്തുക്കളുമായ മൂന്നുപേരും കഴിഞ്ഞ കുറച്ച് നാളുകളായി കന്നുകാലി,​ കോഴി,സവാള എന്നിവയുടെ വ്യാപാരം നടത്തിവരികയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ എത്തിച്ച് കർഷക‌ർക്ക് നൽകി വിൽപ്പനയ്ക്ക് തരമാകുമ്പോൾ വിലനൽകി തിരിച്ചെടുത്ത് ഇറച്ചി വിൽപ്പനക്കാർക്ക് കൈമാറുന്നതായിരുന്നു ഇവരുടെ ബിസിനസ്. ഇതുപോലെ കന്നുകുട്ടികളെയും കച്ചവടം ചെയ്തിരുന്നു.

സവാള വില കുത്തനെ ഇടിഞ്ഞ സമയത്ത് സവാള വിൽപ്പനയും പരീക്ഷിച്ചു. കിലോഗ്രാമിന് പതിനാല് രൂപ നിരക്കിൽ ലഭിക്കുന്ന സവാള നല്ല മാർജിനിലാണ് ചില്ലറ വിൽപ്പനക്കാർക്ക് നൽകുന്നത്. 6000 ടൺ സവാളയാണ് ലോക്ക് ഡൗൺ കാലത്ത് ഇവർ കച്ചവടം ചെയ്തത്. കൊവിഡിനെ തുടർന്ന് അതി‌ർത്തികളിലും മറ്റും വാഹന പരിശോധന പേരിന് മാത്രമാകുകയും ആവശ്യത്തിന് മദ്യം ലഭ്യമല്ലാതാകുകയും ചെയ്തത് മുതലെടുത്താണ് കഞ്ചാവും ഹാഷിഷും കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാൻ മൂവരും തീരുമാനിച്ചത്. തിരുവനന്തപുരം,​ കൊല്ലം ജില്ലകളിലെ കഞ്ചാവ് വിൽപ്പനക്കാരെ കണ്ടെത്തി കിലോക്കണക്കിന് കഞ്ചാവ് ഒരുമിച്ച് വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. ഗൂഗിൾ പേ മുഖാന്തിരവും ബാങ്ക് വഴിയും പണം അക്കൗണ്ടിലെത്തിയാലുടൻ ആവശ്യമുള്ള കഞ്ചാവ് ഇവർ നിശ്ചയിക്കുന്ന സ്ഥലത്ത് കാറിലോ ലോറിയിലോ എത്തിച്ച് നൽകും. കഴിഞ്ഞ നാല് മാസത്തിനകം ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ് ഇത്തരത്തിൽ വിറ്റതായി ഇവർ സമ്മതിച്ചു. കഞ്ചാവ് വിൽപ്പനക്കാരുടെ ഫോണുകളിൽ കഞ്ചാവിന്റെ ഫോട്ടോയുൾപ്പെടെ വാട്ട്സ് ആപ്പ് സന്ദേശമായാണ് വിവരം നൽകുന്നത്. സ്റ്റഫെന്ന കോഡാണ് കഞ്ചാവിന് ഇവർ ഉപയോഗിച്ചിരുന്നത്. സവാള ചാക്കിനടിയിൽ കഞ്ചാവ് ഒളിപ്പിച്ചാണ് കടത്തിയിരുന്നത്.

ആഡംബര കാറും കാലി ലോറിയും

ഇടുക്കിയിൽ നിന്ന് അടുത്തിടെ വാങ്ങിയ ഫോർച്യൂണർ കാറിലും ലോറിയിലുമാണ് ചില്ലറ വിൽപ്പനക്കാർക്ക് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്. ആഡംബര കാറുകൾ പരിശോധിക്കുന്നത് കുറവായതിനാലാണ് കഞ്ചാവ് കടത്താൻ ഫോ‌ർച്യൂണർ വാങ്ങിയത്. ലോഡില്ലാതെ പോകുന്ന ലോറികളും സാധാരണഗതിയിൽ പരിശോധിക്കാറില്ല. കാലി ലോറിയിൽ ഡ്രൈവർ കാബിനിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവെത്തിച്ചിരുന്നത്. പണം ഇടപാടുകൾ വേഗത്തിലാക്കാൻ നോട്ടെണ്ണുന്നതിന് നോട്ടെണ്ണൽ മെഷീനും ഇവ‌ർ വാങ്ങിയിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് ആറ്റിങ്ങൽ എക്സൈസ് സി.ഐ അജിദാസ് പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളിലുളള ഇവരുടെ പണം കണ്ടുകെട്ടുന്നതിനും വാഹനങ്ങളുടെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിനുമൊപ്പം കഞ്ചാവിന്റെ ഉറവിടത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ഇവരെ ചോദ്യം ചെയ്തേ മതിയാകൂ. ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് വാങ്ങി കച്ചവടം ചെയ്തിരുന്ന ചില്ലറ വിൽപ്പനക്കാരിലേക്ക് അന്വേഷണം നീണ്ടതായും പലരും ഒളിവിലാണെന്നും എക്സൈസ് വെളിപ്പെടുത്തി.

 പിടികൂടിയത്: 40 കിലോ

 വില: ഒരുകോടി

 കടത്തിന് ലോറിയും ഫോർച്യൂണറും

 പണമിടപാട് ഗൂഗിൾ പേയും ബാങ്ക് അക്കൗണ്ടുംവഴി

 നോട്ടെണ്ണാൻ മെഷീൻ