അത്തം പിറന്നുകഴിഞ്ഞുള്ള വിശാഖമാണിന്ന്. ഇനി ഏഴാംനാൾ തിരുവോണം. ഓലക്കുടയേന്തി മാവേലി നാട് കാണാൻ വരുമ്പോൾ മുറ്റവും പറമ്പുമെല്ലാം വെടിപ്പാകണം. മുറ്റം ശോഭനമല്ലെങ്കിൽ മാവേലി വീട്ടിലേക്ക് വരില്ലെന്നാണ് വിശ്വാസം. ഓണ ഒരുക്കങ്ങൾക്ക് ആവേശത്തുടക്കമിടുന്നത് വിശാഖത്തിലാണ്.
അദ്ധ്വാനത്തിന്റെ തുടക്കവും വിശാഖം നാളിതന്നെ. കാരണവന്മാർ തൂമ്പയുമായി മുറ്റത്തേക്കിറങ്ങുമ്പോൾ കുട്ടികളും ഒപ്പം കൂടും. തൊടിയിൽ വിളഞ്ഞ് നിൽക്കുന്ന വാഴയും മത്തനും കുമ്പളവും വെട്ടി വട്ടിയിലാക്കി വയ്ക്കും. അപ്പോൾ അടുക്കളയിൽ പെണ്ണുങ്ങൾ ചെറിയ സദ്യയ്ക്കുള്ള ഒരുക്കൾ തുടങ്ങും. മുറ്റം ചെത്തിമിനുക്കി ആണുങ്ങൾ എത്തുമ്പോഴേക്കും പെണ്ണുങ്ങൾ വീടാകെ വെടിപ്പാക്കിവയ്ക്കും. വിളവെടുപ്പും വൃത്തിയാക്കലും ഉൗഞ്ഞാലിടലും പിന്നെ അടുക്കിവയ്ക്കലും എല്ലാം വിശാഖത്തിൽ ധൃതിയോടെയാണ് ചെയ്യുക. വീട്ടിലെ എല്ലാവരും കൂട്ടായിട്ടാണ് അദ്ധ്വാനിക്കുക. കഴുകലും തുടയ്ക്കലും പഴയ തുണിയും സഞ്ചിയുമെല്ലാം കത്തിച്ചു കളഞ്ഞും പരിസരം വെടിപ്പാക്കുന്നത് തുടരും. ജോലി ഒത്തിരിയുള്ളതിനാൽ ഉച്ചഭക്ഷണം പോലും വീട്ടുകാർ മറന്നു പോകുമെന്നാണ് പഴമക്കാർ പറയുക. ചിലർ എല്ലാക്കൊല്ലവും വിശാഖത്തിന് മാത്രമെ ഓണക്കോടികളും എടുക്കൂ. എല്ലാത്തിനും കൂടി എല്ലാരുമൊരുമിച്ചൊരദ്ധ്വാനമാണ്. വിശപ്പറിയാതെ പായുന്നൊരു ആവേശം.
ദൂരസ്ഥലങ്ങളിൽ നിന്ന് ചോതി നാളിൽ പുറപ്പെട്ട കാളവണ്ടികൾ ചന്തകളിലെത്തുന്നത് വിശാഖത്തിലാണ്. ദേ ഇപ്പോൾ ചന്തകൾ നിറയെ പഴയും പച്ചക്കറിയും പലവ്യഞ്ജനങ്ങളുമായെത്തിയ ലോറികളാണ്. കൊവിഡ് കാലമാണെങ്കിലും ഓണത്തിന്റെ മാറ്റിന് കാര്യമായ കുറവില്ല. വിശാഖത്തിലെ ഒാണത്തിരക്ക് ചന്തകളിൽ കാണാമെന്നാണ് പറയാറ്. കൂട്ടിവച്ച പണമൊക്കെ പെട്ടി തുറന്നെടുക്കുന്നതും വിശാഖത്തിലാണ്. ഒാണം കഴിഞ്ഞ് അടുത്ത കൃഷിയിറക്കാൻ വിത്തുതേടി വരുന്നതും വിശാഖത്തിലാണത്രെ. വിശാഖത്തിൽ വിത്തുവാങ്ങിയാൽ വിളിപ്പുറത്താണ് വിളയെന്നാണ് നാട്ടുഭാഷ്യം. പണ്ടുകാലത്ത് വിട്ടിലെ വാളൻ പുളിയിൽ നിന്നുള്ള പുളി ഉപ്പിട്ട് വച്ചാൽ അതിനെ ഉച്ചത്തിൽ വെയിലേൽപിക്കുന്നതും വിശാഖത്തിലായിരുന്നു. ഒാരോ നാട്ടിലും വ്യത്യസ്തമായിട്ടായിരുന്നു ആചാരങ്ങൾ. പഴയ പശുക്കളെ വിറ്റ് പുതിയതിനെ വാങ്ങുന്നതും അത്തം കഴിഞ്ഞുള്ള വിശാഖത്തിലാണെന്ന് പ്രായമായവർ ഒാർക്കുന്നുണ്ട്. ചതിയും വഞ്ചനയുമില്ലാത്ത കാലമായതിനാൽ എന്തും വിശ്വസിച്ച് വാങ്ങാനും കഴിയുമായിരുന്നു. വിശാഖത്തിന്റെ വിശേഷങ്ങൾ തീരുന്നില്ല. വിശാഖത്തിൽ വിശപ്പറിയാതെ ഒാടുമെന്ന് പറയുന്നത് സത്യമാണെന്ന് നമുക്കും കാണാം. നാടാകെ നല്ല തിരക്കിലാണ്. അതെ നാട് തിരക്കിലേക്ക് ഒഴുകുകയാണ്.