
മുളകുപൊടിയിൽ കീടനാശിനിയുടെ അംശം
കൊല്ലം: ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയെങ്കിലും ഓണവിപണിയിലെ കറിപൗഡറുകളിലും മസാലക്കൂട്ടുകളിലുമുൾപ്പെടെ ചില ബ്രാൻഡുകളിൽ മായം നിറയുന്നു. ഇതിന് പുറമേ ഗുണനിലവാരമില്ലായ്മയും കീടനാശിനി സാന്നിദ്ധ്യവും അളവിലെ കൃത്രിമവുമാണ് കണ്ടെത്തിയിരിക്കുന്നത്.
മുളക് പൊടി, മല്ലിപ്പൊടി, വിവിധ മസാലപ്പൊടികൾ, തേയില, വെളിച്ചെണ്ണ, നല്ലെണ്ണ, പാം ഓയിൽ, ശർക്കര തുടങ്ങിയ സാധനങ്ങളിലാണ് കൃത്രിമം കാണിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗവും കേരള കാർഷിക സർവകലാശാലയും നടത്തിയ പരിശോധനകളിൽ കൃഷി സ്ഥലങ്ങളിൽ തളിക്കുന്ന കീടനാശിനിയുടെ സാന്നിദ്ധ്യം മുളക് പൊടിയാക്കിയശേഷവും അവശേഷിക്കുന്നതായാണ് കണ്ടെത്തൽ.
എത്തിയോൺ, എത്തിയോൺ പ്രൊഫേനോഫോസ്, ട്രയാസോഫോസ്, എത്തിയോൺ ക്ലോറോപൈറിഫോസ്, ബിഫെൻത്രിൻ തുടങ്ങിയവയാണ് മുളക് പൊടിയിലും ജീരകപ്പൊടിയിലും കണ്ടെത്തിയത്. മനുഷ്യശരീരത്തിന് മാരകമായ രാസവസ്തുക്കൾ കലർന്ന ഇവ ഭക്ഷ്യയോഗ്യമല്ലെന്നാണ് ലബോറട്ടറി റിപ്പോർട്ട്.
കാൻസറടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നതാണ് എത്തിയോൺ അടക്കമുള്ള ഓർഗാനോഫോസ്‌ഫേറ്റുകൾ. ഡയാസിനോണും ക്ലോറോപൈറിഫോസുമാണ് ഈ കീടനാശിനി ഗ്രൂപ്പിലെ മറ്റംഗങ്ങൾ. കുട്ടികളിൽ വളർച്ചക്കുറവിനും ജനിതക വൈകല്യത്തിനും കാരണമാകും. എല്ലിന്റെ വളർച്ചയും തടയും. മുതിർന്നവരിൽ മുട്ടുവേദന, കാഴ്ച ശക്തി നശിക്കൽ, അൽഷിമേഴ്‌സ്, ഛർദ്ദി, സ്ഥിരമായ തലവേദന, നാഡീവ്യൂഹം തകരാറാകൽ തുടങ്ങിയവ അനുഭവപ്പെടുന്നതായും പഠനങ്ങൾ തെളിയിക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
കാർഷിക സർവകലാശാലയുടെ പഠന റിപ്പോർട്ടും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മുളക് പാടങ്ങളിൽ വലിയ വിളവ് ലഭിക്കുന്നതിന് ഉപയോഗിക്കുന്ന കാഡ്മിയത്തിന്റെ അംശമാണ് കാർഷിക സർവകലാശാലയുടെ പരിശോധനയിൽ തെളിഞ്ഞത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം ഉണ്ടാകാൻ പാടില്ല. അരിപ്പൊടി, ഗോതമ്പ് പൊടി, പിണ്ണാക്ക്, മറ്റു വിലകുറഞ്ഞ പൊടികളും ഇതിന്റെ അവശിഷ്ടങ്ങളും വരെയാണ് മസാലപ്പൊടികളിൽ ചേർക്കുന്നത്. ഒന്നും വിശ്വസിച്ച് വാങ്ങാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ വിപണിയിൽ.
സ്റ്റാർച്ച് കലർത്തുന്നത്: 20 - 70 %
മായം ചേർക്കൽ ഇങ്ങനെ
1. കറിപൗഡറുകളിലും മസാലപ്പൊടികളിലും കൂടുതലായി ചേർക്കുന്നത് അരിപ്പൊടി
2. കൊഴുപ്പ് വർദ്ധിപ്പിക്കാൻ അരിപ്പൊടിയും മൈദയും കലർത്തുന്നു
3. കുരുമുളക് പൊടിയിലും അരിപ്പൊടി
4. വെളിച്ചെണ്ണയിൽ പാം കെർണൽ ഓയിലുൾപ്പെടെ ചേർക്കുന്നു
5. ശർക്കരയ്ക്ക് സൗന്ദര്യം കൂട്ടാൻ രാസവസ്തുക്കൾ ഉപയോഗിച്ച് ബ്ളീച്ചിംഗ്
6. തേയിലപ്പൊടിയിൽ നിറം കൂട്ടാൻ മൈലാഞ്ചി ഇല ഉണക്കിപ്പൊടിച്ച് ചേർക്കുന്നു
''
മുളക് പൊടി ഉൾപ്പെടെയുള്ള മസാലപ്പൊടികളിൽ കൃഷിസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. പല കമ്പനികളുടെയും മസാലപൊടി പായ്ക്കറ്റുകൾ പിടിച്ചെടുക്കുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
ദിലീപ്, ഭക്ഷ്യ സുരക്ഷാ
അസി. കമ്മിഷണർ, കൊല്ലം