police
നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന കാർ പൊലീസ് റിക്കവറി വാൻ ഉപയോഗിച്ച് നീക്കുന്നു

കൊല്ലം: നഗരം ഓണത്തിരക്കിൽ കുരുങ്ങാതിരിക്കാൻ പൊലീസ് കൂടുതൽ സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങൾ തുറക്കുന്നു. റോഡിന് ഇരുവശങ്ങളിലും കടകൾക്ക് മുന്നിലും അലക്ഷ്യമായി വാഹനം നിറുത്തിയിട്ടാൽ വാഹനം പിടിച്ചെടുക്കുന്നതിനൊപ്പം പിഴയും ഈടാക്കും. വരും ദിവസങ്ങളിൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വാഹനങ്ങളിലെത്തുന്നവരുടെ എണ്ണം കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ട്രാഫിക് പൊലീസ് പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കിയത്. പ്രധാന റോഡുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾക്കായി കൂടുതൽ പൊലീസിനെ നിയോഗിക്കും. മാന്ദ്യത്തിലായിരുന്ന വ്യാപാര മേഖലയ്ക്ക് ആശ്വാസമേകുന്ന പ്രതികരണമാണ് വിപണിയിൽ നിന്നുണ്ടാകുന്നത്. പൊലീസ് നിർദ്ദേശിച്ചിരിക്കുന്ന പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനം നിറുത്തിയിട്ട ശേഷം കാൽനടയായോ ഓട്ടോ റിക്ഷകളിലോ സാധനങ്ങൾ വാങ്ങാനായി പോകാം.

 പൊലീസ് കണ്ടെത്തിയ പാർക്കിംഗ് കേന്ദ്രങ്ങൾ

1. ജില്ലാ ആശുപത്രിക്ക് സമീപം കൊല്ലം രൂപതയുടെ വസ്തു

2. ചിന്നക്കട സെന്റ് ജോസഫ് സ്‌കൂൾ

3. എ.ആർ ക്യാമ്പിന് സമീപത്തെ പൊലീസിന്റെ ഭൂമി

4. ആണ്ടാമുക്ക് ബസ് സ്റ്റാൻഡിന് സമീപത്തെ നഗരസഭാ ഭൂമി

5. ആശ്രാമം ലിങ്ക് റോഡ്

6 ക്യു.എ.സി റോഡ്

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

1. ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്കുള്ള വഴിയിൽ ഇടതുവശത്ത് മാത്രമാണ് പാർക്കിംഗ് അനുമതി

2. വൺ വേ തെറ്റിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും

3. അനധികൃത പാർക്കിംഗ് നടത്തിയാൽ ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ മാറ്റും

4. കൂടുതൽ പൊലീസിനെ ട്രാഫിക് നിയന്ത്രണത്തിനായി നിയോഗിക്കും

 വാഹനങ്ങൾ 200

കൊല്ലം നഗരത്തിൽ അനധികൃത പാർക്കിംഗ് നടത്തിയ 200 വാഹനങ്ങളാണ് ആഗസ്റ്റ് മാസത്തിൽ ഇന്നലെ വരെ ട്രാഫിക് പൊലീസ് പിടിച്ചെടുത്തത്. ഉടമകൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.

അനധികൃത പാർക്കിംഗ് നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുത്ത് കേസെടുക്കും. പൊലീസ് നിർദ്ദേശിച്ച സ്ഥലത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ

പി.പ്രദീപ്, ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റ് എസ്.ഐ

വാഹനങ്ങൾ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി

നിയന്ത്രണങ്ങൾ ലംഘിച്ച് പാർക്ക് ചെയ്ത വാഹനങ്ങൾ ക്രെയിനും റിക്കവറി വാഹനവും ഉപയോഗിച്ച് ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിത്തുടങ്ങി. വൺവേ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന റോഡുകളിൽ അനാവശ്യമായി വാഹനങ്ങൾ കയറ്റിയാലും പിടിച്ചെടുക്കും. കൊവിഡ് നിയന്ത്രണങ്ങൾ നില നിൽക്കുന്നുണ്ടെങ്കിലും നഗരത്തിലെ തിരക്ക് ഓരോ ദിവസവും വർധിക്കുകയാണ്.