കൊട്ടാരക്കര: നെൽകൃഷിയിൽ നിന്നും ഒരു തലമുറ പിന്നോട്ടു നടക്കുമ്പോഴാണ് ഇഞ്ചക്കാട് മുല്ലമുക്കിൽ കരിക്കുഴി വീട്ടിൽ രാജീവ് എന്ന യുവാവ് കരകൃഷി വെല്ലുവിളിയായി ഏറ്റെടുത്തത്.സ്വന്തമായുള്ള ഒന്നരയേക്കറോളം ഭൂമിയിലെ റബർ മരങ്ങൾ മുറിച്ചു മാറ്റിയാണ് പകരം കരനെൽ കൃഷിക്കും മറ്റു പച്ചക്കറിക്കും സ്ഥലം കണ്ടെത്തിയത്.
യുവകർഷകനായ രാജീവ് കൃഷിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് എട്ടു വർഷത്തോളമായെങ്കിലും ആദ്യമായിട്ടാണ് കരനെൽ കൃഷി നടത്തുന്നത്. .ജൂൺ ആദ്യവാരം മൈലം കൃഷി ഓഫീസർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് മണ്ണൊരുക്കി കരനെൽ കൃഷിക്ക് വിത്തെറിഞ്ഞത്. കതിരു നിരന്നു തുടങ്ങിയ നെൽചെടികൾ ഈ മാസം അവസാനത്തോടെ കൊയ്യാനാകുമെന്നാണു കണക്കാക്കുന്നത്.
അടുത്ത തവണ കൂടുതൽ സ്ഥലത്ത് കരനെൽ കൃഷി വ്യാപിപ്പിക്കുമെന്ന് രാജീവ് പറഞ്ഞു. നെല്ലു കൂടതെ പച്ചക്കറി കൃഷിയും നടത്തുന്നു. പാവൽ, പയർ, പടവലം, മത്തൻ, വെണ്ട, ചേന, വെള്ളരി, വഴുതന, ചേമ്പ്, കച്ചിൽ, ചീര, മുളക് കൂടാതെ വിവിധ ഇനം ഫല വൃക്ഷങ്ങളം വളർത്തിയിട്ടുണ്ട്.
മുക്കാൽ ഏക്കറോളം ഭൂമിയിൽ വനമേഖലയിലും കൂപ്പിലും കൃഷി ചെയ്യുന്ന ക്വിറ്റൽ ചീനിയും കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൗൾട്രീ ഫാമും മത്സ്യക്കുളവും എല്ലാം രാജിവിന്റെ കൃഷി ഇനങ്ങൾ തന്നെയാണ്.