കൊല്ലം: മാന്ദ്യം മറികടന്ന് വിപണി ഓണാഘോഷത്തിരക്കിലേക്ക്. വഴിയോരങ്ങളിൽ, വസ്ത്രശാലകളിൽ, സൂപ്പർ മാർക്കറ്റുകളിൽ, പച്ചക്കറി കടകളിൽ തുടങ്ങി കണ്ണെത്തുന്നിടത്തെല്ലാം ഓണമൊരുങ്ങുകയാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സഹകരണ ഓണചന്തകൾ കൂടി തുറന്നതോടെ വിപണി കൂടുതൽ സജീവമായി.
സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ബോണസ്, ഓണം അഡ്വാൻസ് വിതരണം പൂർത്തിയാകുന്നതോടെ ഓണ വിപണിയിലേക്ക് വൻ തോതിൽ പണമൊഴുകും. കശുഅണ്ടി തൊഴിലാളികൾക്ക് 20 ശതമാനം ബോണസ് നൽകാൻ ധാരണ ആയതോടെ ജില്ലയിലെ സാധാരണക്കാരായ നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങളിൽ ഓണാഘോഷം പൂർണതയിലെത്തും. വരും ദിവസങ്ങളിൽ വിപണിയിലെ തിരക്ക് നിയന്ത്രണാതീതമായി ഉയരുമെന്നാണ് പൊലീസ് റിപ്പോർട്ട്.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച കൊവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുൻ കരുതലുകളും എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. മുൻകൂർ സമയം നൽകി ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിക്കുന്ന പുതിയ ക്രമീകരണങ്ങൾ പല സ്ഥാപനങ്ങളും പരീക്ഷിച്ചെങ്കിലും കൂടുതൽ ആളെത്തുമ്പോൾ പരീക്ഷണൾ ഫലവത്താകാതെ വരികയാണ്.
പ്രവൃത്തിസമയം കൂട്ടണം
വ്യാപാര കേന്ദ്രങ്ങളുടെ പ്രവർത്തന സമയം രാത്രി 9 വരെ നീട്ടണമെന്ന് ഉപഭോക്താക്കളും വ്യാപാരികളും ഒരുമിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ തലത്തിൽ തീരുമാനമായില്ല. നിയന്ത്രണങ്ങളുടെ ഭാഗമായി ഏഴ് കഴിയുന്നതോടെ കടകൾക്ക് താഴിടാൻ വ്യാപാരികൾ നിർബന്ധിതരാവുകയാണ്. വ്യാപര കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമെങ്കിൽ അടിയന്തരമായി പ്രവൃത്തി സമയം വർദ്ധിപ്പിച്ചേ മതിയാകൂ.
നിയന്ത്രണങ്ങൾ വന്നേക്കാം
തിരക്ക് ഉയരുന്നത് അനുസരിച്ച് ഓണക്കാലത്ത് കൂടുതൽ നിയന്ത്രണങ്ങൾ പൊലീസ് ഏർപ്പെടുത്തും. കൊവിഡ‌് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിൽ ആള് കൂടാൻ ഒരു തരത്തിലും അനുവദിക്കില്ല. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രോഗ വ്യാപന സാദ്ധ്യത വർദ്ധിക്കുമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.