photo
ഗ്രീൻ ചാനലിന്റെ കായൽ തീരത്ത് തകർന്ന് കിടക്കുന്ന സംരക്ഷണ ഭിത്തി.

35 ലക്ഷം രൂപയാണ് ഡി.ടി.പി.സി അനുവദിച്ചത്.

കരുനാഗപ്പള്ളി: വിനോദ സഞ്ചാര കേന്ദ്രമായ ആലുംകടവിലെ ഗ്രീൻ ചാനലിന്റെ കായൽ തീര സംരക്ഷണത്തിന് കേരള കൗമുദി വാർത്ത തുണയായി. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വർഷങ്ങളായി തകർന്ന് കിടന്ന കരിങ്കൽ ഭിത്തിയുടെ പുനർ നിർമ്മാണത്തിനും നവീകരണത്തിനും 35 ലക്ഷം രൂപയാണ് ഡി.ടി.പി.സി അനുവദിച്ചത്.

രണ്ട് പതിറ്റാണ്ടിന് മുമ്പ് നിർമ്മിച്ച കായൽതീര സംരക്ഷണ ഭിത്തിയും ഇതിന് മീതേ സ്ഥാപിച്ചിരുന്ന കമ്പിവേലിയും തകർന്ന് പോയിരുന്നു. കാലാകാലങ്ങളിൽ കരിങ്കൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ ബന്ധപ്പെട്ടവർ കാണിച്ച അനാസ്ഥയാണ് തകർച്ചക്ക് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. . ആലുംകടവ് കായൽ തീരം മുതൽ ഗ്രീൻ ചാനൽ വരെയുള്ള അപ്രോച്ച് റോഡു തകർച്ചയിലാണ്. കായൽ കരയിൽ നിർമ്മിച്ചിട്ടുള്ള കരിങ്കൽ ഭിത്തിയിൽ വൈകും നേരങ്ങളിൽ നാട്ടുകാർ വന്നിരിക്കുക പതിവായിരുന്നു. പ്രായമുള്ളവരാണ് ഏറെയും എത്തിയിരുന്നത്. കരിങ്കൽ ഭിത്തി തകർന്ന് കായലിൽ വീണ് തുടങ്ങിയതോടെ നാട്ടുകാർ ഇവിടേക്കുള്ള വരവ് അവസാനിപ്പിച്ചു. .

വാർത്ത തുണയായി

കരിങ്കൽ ഭിത്തിയുടെ തകർച്ചയെ കുറിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് കായൽ തീരത്തിന്റെ സൗന്ദര്യ വൽക്കരണം ഉൾപ്പടള്ള പ്രോജക്ടിന് 35 ലക്ഷം രൂപാ അനുവദിച്ചത്. ആലുംകടവ് ജംഗ്ഷൻ മുതൽ ഗ്രീൻ ചാനൽ വരെ 150 ഓളം മീറ്റർ ദൈഘ്യത്തിലാണ് കരിങ്കൽ ഭിത്തിയുടെ മെയിന്റനൻസ് നടത്തുന്നത്. ഇതു കൂടാതെ കടത്തു വള്ളം അടുക്കുന്ന ഭാഗം മണ്ണ് നീക്കം ചെയ്തു ആഴം കൂട്ടാനും കായൽ ഭിത്തികൾ നവീകരിക്കാനും പ്രോജക്ടിൽ പണം വകയിരുത്തിയിട്ടുണ്ട്. കായലിനോട് ചേർന്ന് കിടക്കുന്ന ഭാഗം ആഴം കൂട്ടുന്നതോടെ യാത്രാ ബോട്ടുകൾക്ക് കരയ്ക്ക് സമീപത്തേക്ക് അടുക്കാൻ കഴിയും. ആലുംകടവിന്റെ അനന്തമായ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് രണ്ട് പതിറ്റാണ്ട് മുമ്പ് ഗ്രീൻ ചാനൽ നിർമ്മിച്ചത്. പുതിയ സംരംഭം പൂർത്തീകരിക്കുനതോടെ ആലുകടവിന്റെ വിനോദ സഞ്ചാര മേഖലയിൽ മാറ്റത്തിന്റെ വഴി തെളിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ കരുനാഗപ്പള്ളി നഗരസഭയിലെ 35-ം ഡിവിഷനിലാണ് ഗ്രീൻ ചാനൽ സ്ഥിതി ചെയ്യുന്നത്.