frog

വായ്ക്കുരവയിടാൻ പെണ്ണുങ്ങളും കൈപിടിച്ചു കൊടുക്കാൻ പൂജാരിയും താളവാദ്യക്കാരും എല്ലാം തയ്യാർ. പൂക്കളും സദ്യവട്ടവും മണ്ഡപവും ചുറ്റും നാട്ടുകാരും.. ഇനി തവള ചെക്കനും തവള പെണ്ണും എത്തിയാൽ മതി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ചടങ്ങാണ് തവളക്കല്യാണം. കർണാടകയിലെ ചിലയിടങ്ങളിലും ഈ ചടങ്ങ് നടത്താറുണ്ട്. കടുത്ത വേനലിനുശേഷം നല്ല മഴ പെയ്യാനും കൃഷി അഭിവൃദ്ധിപ്പെടാനും തവളക്കല്യാണം നടത്തിയാൽ മതിയെന്നാണ് ഇവരുടെ വിശ്വാസം.

ഹിന്ദു വിശ്വാസപ്രകാരം മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനാണ് തവളകുമാരിയെയും തവളകുമാരനെയും കല്യാണം കഴിപ്പിക്കുന്നത്.

പെൺതവളയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിക്കൊടുക്കുന്നതോടെ അവർ ആചാരപ്രകാരം ദമ്പതികളാകും. ഇതോടെ ഇന്ദ്രൻ പ്രീതിപ്പെടുമെന്നും നല്ല മഴ കിട്ടുമെന്നും ഇവർ കരുതുന്നു. മഴയെ ഏറ്റവും ഹൃദ്യമായി വരവേൽക്കുന്നത് തവളകളാണെന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്. ഇനി അഥവാ തവളകളെ കിട്ടിയില്ലെങ്കിൽ ആർട്ടിഫിഷ്യൽ തവളകളെവച്ചും ചടങ്ങ് നടത്താറുണ്ട്. ഇത്തരത്തിൽ വാരണാസിയിൽ പ്ലാസ്റ്റിക് തവളകളുടെ കല്യാണം നടത്തിരുന്നു. ഈ ആചാരം ഇന്ത്യയിൽ മാത്രമല്ല, ബംഗ്ലാദേശിലും ചിലയിടങ്ങളിലുണ്ട്. ബംഗ്ലാദേശിലെ തലസ്ഥാനമായ ധാക്കയിൽ നിന്നും 110 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമത്തിൽ നിന്ന് 'വധൂവരന്മാരെ' എത്തിച്ച് കല്യാണം നടത്തിയ സംഭവമുണ്ടായിട്ടുണ്ട്.

പാട്ടും നൃത്തവും വാദ്യാഘോഷങ്ങളും

ചിലയിടങ്ങളിൽ തവളകൾക്കൊപ്പം ഒരു സ്ത്രീയും പുരുഷനും വധൂവരന്മാരായി വസ്ത്രം ധരിക്കാറുണ്ട്. തവളദമ്പതികൾക്കൊപ്പം ഇവരും കൂടി ചേർന്നു നിന്നാണ് ഫോട്ടോ എടുക്കുക. പാട്ടും നൃത്തവും വാദ്യാഘോഷങ്ങളും അടക്കം വലിയ ആഘോഷങ്ങളാണ് വിവാഹത്തിന് ഒരുക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് സദ്യയും മധുര പലഹാരങ്ങളും ഒരുക്കിയിട്ടുണ്ടാകും. വിവാഹശേഷം വധൂവരന്മാരെ തൊട്ടടുത്തുള്ള കുളത്തിലേക്ക് വിടും.തവളകളുടെ മനോഹരമായ ദാമ്പത്യത്തിൽ തൃപ്തനായ ഇന്ദ്രൻ മഴപെയ്യിക്കുമെന്ന് ഇവർ വിശ്വസിയ്ക്കുന്നു. മഴപെയ്ത് വെള്ളപ്പൊക്കമാകുമ്പോൾ ഈ തവള ദമ്പതികളെ പിരിക്കുന്നവരുമുണ്ട്.