പുനലൂർ: അർ.പി .എൽ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഇത്തവണത്തെ ഓണം പട്ടിണിയിലാണ്. ബോണസ് അഡ്വാൻസും മറ്റു ആനുകുല്യങ്ങളും നൽകുന്നത് സംബന്ധിച്ച് രണ്ടു ചർച്ചകൾ കഴിഞ്ഞിട്ടും തീരുമാനമായില്ല. ഇതിൽ പ്രതിഷേധിച്ചു എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നാളെ ആർ. പി. എല്ലിന്റെ പുനലൂരിലെ ഹെഡ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കും.
ചർച്ചയിൽ തീരുമാനമായില്ല
ഏഴിന് ആർ. പി. എൽ .ഹെഡ് ഓഫീസിൽ എം. ഡി. വിളിച്ചു ചേർത്ത യോഗത്തിലും തുടർന്ന് ചെയർമാൻ കൂടിയായ ലേബർ സെക്രട്ടറിയും മാനേജ്മെന്റും യൂണിയൻ നേതാക്കളും തമ്മിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചയിലും ബോണസ് ഉൾപ്പടെയുള്ള പ്രശനം തീരുമാനമാകാത്ത സാഹചര്യത്തിലാണു എ.ഐ. ടി.യു .സി യുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം ആരംഭിക്കുന്നത്.
വാദം അംഗീകരിക്കില്ല
കമ്പനി നഷ്ടത്തിലാണ് എന്നാണ് മനേജ്മെന്റ് പറയുന്നതു. എന്നാൽ കഴിഞ്ഞ വർഷത്തേക്കാളും റബർ പാലിന്റെ ഉത്പാദനം ഈ വർഷം കൂടിയിട്ടുണ്ട്. 2018-19ൽ 1540 മെട്രിക് ടൺ ആയിരുന്നിടത്ത് 2019 -20 ൽ 2248 മെട്രിക് ടൺ പാൽ ഉത്പാദിപ്പിക്കാൻ തൊഴിലാളികൾക്ക് കഴിഞ്ഞു.കഴിഞ്ഞ വർഷത്തേക്കാൾ 708 മെട്രിക് ടൺ പാൽ ഉത്പാദന വർദ്ധനവ് ഉണ്ടായിട്ടും കമ്പനി ഉയർത്തുന്ന വാദം അംഗീകരിക്കാൻ കഴിയില്ല.
റബർ പാലിന്റെ ഉത്പാദനം
2018-19ൽ 1540 മെട്രിക് ടൺ ആയിരുന്നിടത്ത് 2019 -20 ൽ 2248
സർക്കാർ നിർദ്ദേശം
സർക്കാർ എല്ലാ പൊതു മേഖല സ്ഥാപനങ്ങളോടും കഴിഞ്ഞ തവണ നൽകിയ തുക ഇത്തവണയും നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സമാന സ്വഭാവമുള്ള പൊതു മേഖലാ സ്ഥാപനങ്ങളായ എസ്.എഫ്.സി.കെ, പി.സി.കെയെ കൂടാതെ സമീപത്തെ, മറ്റൊരു സ്ഥാപനമായ ഓയിൽപാം ഇന്ത്യാ ലിമിറ്റേഡ് എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ തവണ നൽകിയ ബോണസ്നൽകാൻ തീരുമാനിച്ചു കഴിഞ്ഞു.
സർക്കാർ ഇടപെടണം
ആ .പി .എൽ ഓഫീസ് ഗ്രൗണ്ടുകളിലും മറ്റും കിടക്കുന്ന ആയിരക്കണക്കിന് റബർ പാൽ ബാരലുകൾ വില്പന നടത്തിയാൽ തൊഴിലാളികൾക്കും ജീവനക്കാർക്കും ബോണസും, മറ്റു ആനുകൂല്യങ്ങളും നൽകാൻ കഴിയുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി സി.അജയപ്രസാദ് വാർത്തക്കുറിപ്പിൽ അറിയിച്ചു.കഴിഞ്ഞ വർഷം നൽകിയ ബോണസും മറ്റു ആനുകൂല്യങ്ങളും ഇത്തവണയും നൽകാൻ സർക്കാർ ഇടപെടണമെന്ന് റബർ പ്ലാന്റേഷൻ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു. സി മാനേജിംഗ് കമ്മറ്റി യോഗവും ആവശ്യപ്പെട്ടു. ബോണസും മറ്റു ആനുകുല്യങ്ങളും ലഭിക്കുന്നതു വരെ അനിശ്ചിതകാല സത്യാഗ്രഹം നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി സി. അജയപ്രസാദ് ,തമിഴ് ശെൽവൻ, വേൽമുരുകൻ, ശശിധരൻ, രമേശ്, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.