njan-kadavu
ഞാങ്കടവ്

 ആറ് പഞ്ചായത്തുകൾക്കായി പുതിയ കുടിവെള്ള പദ്ധതി

കൊല്ലം: ജില്ലയിലെ ആറ് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കല്ലടയാറ്റിലെ ഞാങ്കടവിൽ പുതിയ കുടിവെള്ള പദ്ധതിക്കുള്ള നടപടികൾ തുടങ്ങി. കൊല്ലം നഗരം, കൊറ്റങ്കര എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ കിണറിന്റെ എതിർവശത്താകും പുതിയ പദ്ധതിയുടെ കിണർ നിർമ്മിക്കുക.

കൊല്ലം പദ്ധതിക്കായി ജലം സംഭരിക്കാൻ ഞാങ്കടവിൽ നിർമ്മിച്ച കിണറിനോട് ചേർന്ന് കല്ലടയാറ്റിൽ തടയണ നിർമ്മിക്കുന്നുണ്ട്. അഷ്ടമുടിക്കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാനും ജലനിരപ്പ് ഉയർത്താനുമാണ് തടയണ നിർമ്മിക്കുന്നത്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനാണ് ‌ഞാങ്കടവിൽ തന്നെ പുതിയ പദ്ധതിയുടെയും കിണർ നിർമ്മിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക രൂപരേഖ മാത്രമാണ് ഇപ്പോൾ തയ്യാറായിട്ടുള്ളത്. ഞാങ്കടവിലെ കിണറ്റിൽ നിന്ന് ജലം നേരിട്ട് ശാസ്താംകോട്ടയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കൊണ്ടുപോകണമോ അതോ പ്രത്യേകം പ്ലാന്റ് സ്ഥാപിക്കണോയെന്ന് ആലോചനയിലാണ്. ടാങ്ക് നിർമ്മിക്കാൻ ഉയരമുള്ള പ്രദേശം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.

പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറായാലേ ചെലവ് കൃത്യമായി കണക്കാക്കാനാകൂ. ഇതിന് ശേഷമാകും ഫണ്ട് കണ്ടെത്താനുള്ള ശ്രമം നടക്കുക. കരുനാഗപ്പള്ളി, കുന്നത്തൂർ, ചവറ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ജലവിഭവ വകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പദ്ധതി നിർദ്ദേശം ഉയർന്നത്.

പ്രയോജനം ലഭിക്കുന്ന പഞ്ചായത്തുകൾ  കുന്നത്തൂർ  പോരുവഴി  ശൂരനാട് വടക്ക്  തഴവ  തൊടിയൂർ  കുലശേഖരപുരം

പ്രതിദിന വിതരണം:

40 എം.എൽ.ഡി ജലം

''

പദ്ധതിയുടെ പ്രാഥമിക ചർച്ചകൾ മാത്രമാണ് നടക്കുന്നത്. രൂപരേഖ വൈകാതെ തയ്യാറാകും.

മനു, എക്സി. എൻജിനിയർ,

ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ

പകുതി പിന്നിട്ട് ഞാങ്കടവ് പദ്ധതി

1. കൊല്ലം നഗരം, കൊറ്റങ്കര എന്നിവടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി

2. നിർമ്മാണ പ്രവർത്തനങ്ങൾ 50 ശതമാനം പൂർത്തിയായി

3. ‌വസൂരിച്ചിറയിൽ നൂറ് എം.എൽ.ഡി ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം ഉടൻ

4. ഞാങ്കടവിൽ നിന്ന് വസൂരിച്ചിറയിലേക്കുള്ള 28 കിലോ മീറ്റർ ദൂരത്തിൽ 22 കിലോ മീറ്റർ പൈപ്പ് സ്ഥാപിച്ചു

5. വസൂരിച്ചിറയിൽ 20 ലക്ഷം ലിറ്ററിന്റെ ടാങ്കും ഏകദേശം പൂർത്തിയായി

6. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ