കൊട്ടാരക്കര: ഓണക്കാലമായിട്ടും സമയത്ത് റേഷൻ കട തുറന്നില്ല, താലൂക്ക് സപ്ളൈ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കട സസ്പെൻഡ് ചെയ്തു. ഓയൂർ ചെങ്കൂരിൽ പ്രവർത്തിക്കുന്ന 237 നമ്പർ റേഷൻ കടയുടെ അംഗീകാര പത്രമാണ് സസ്പെൻഡ് ചെയ്തത്. ഓണക്കിറ്റ് വിതരണം, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൊവിഡ് സമാശ്വാസ അരിയുടെ വിതരണം തുടങ്ങി നിരവധി പൊതുവിതരണ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമ്പോൾ റേഷൻ കട മതിയായ കാരണം ഇല്ലാതെ അടച്ചിട്ടതാണ് നടപടിക്ക് കാരണം. ഈ റേഷൻ കടയിലെ കാർഡുടമകൾക്ക് സമീപത്തെ 232ാം നമ്പർ റേഷൻ കടയിൽ നിന്ന് ഓണക്കിറ്റും മറ്റ് ഏത് റേഷൻ കടയിൽ നിന്നും ഇതര റേഷൻ സാധനങ്ങളും ലഭിക്കാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി താലൂക്ക് സപ്ലൈ ഓഫീസർ എസ്.എ.സെയ്ഫ് അറിയിച്ചു.