കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ച നീണ്ടകര ഹാർബർ കർശന നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു. ആരോഗ്യവകുപ്പ് ജീവനക്കാരുടെയും പൊലീസിന്റെയും പരിശോധനയ്ക്ക് ശേഷമാണ് ആളുകളെ ഹാർബറിലേക്ക് കടത്തിവിടുന്നത്. ഒരു സമയം നിശ്ചിത ബോട്ടുകൾ മാത്രമേ ഹാർബറിൽ പ്രവേശിക്കാവൂ. അതിൽ നിന്നുള്ള മത്സ്യം ഇറക്കി വില്പന നടത്തി മടങ്ങിയിട്ടാകും അടുത്ത ബോട്ട് അടുപ്പിക്കുക. മത്സ്യം വാങ്ങാനെത്തുന്നവർക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹാർബറിലെത്തുന്ന മുഴുവൻ വാഹനങ്ങളും അണുവിമുക്തമാക്കിയാണ് അകത്തേക്ക് കടത്തിവിടുന്നത്. അതേസമയം കൊവിഡിനെ തുടർന്ന് അടച്ച ശക്തികുളങ്ങര ഹാർബറിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ അടച്ച അഴീക്കൽ ഹാർബർ തുറക്കുന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല. ഇൻസിഡന്റ് കമാൻഡർമാരായി നിയോഗിക്കപ്പെട്ട കൊല്ലം, കരുനാഗപ്പള്ളി അസി. കമ്മിഷണർമാരായ പ്രദീപ് കുമാർ, ഗോപകുമാർ എന്നിവർക്കാണ് കൊല്ലം, കരുനാഗപ്പള്ളി സബ് ഡിവിഷനുകളിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ ചുമതല.
ചെറുകിട കച്ചവടക്കാർ രാവിലെയെത്തണം
ചെറുകിട കച്ചവടക്കാർക്ക് രാവിലെയാണ് പ്രവേശനം. ചെറുകിട കച്ചവടക്കാരുടെ സമയം കഴിഞ്ഞ ശേഷമേ മൊത്തക്കച്ചവടക്കാരെയും എക്സ്പോർട്ടിംഗ് ഏജന്റുമാരെയും പ്രവേശിപ്പിക്കൂ. ഒരു മണിക്കൂറിലധികം ഹാർബറിൽ തങ്ങാൻ ആരെയും അനുവദിക്കില്ല. പാസിൽ അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞും ഹാർബറിൽ നിൽക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
100 വാഹനങ്ങൾ
തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 10 കൗണ്ടറുകൾ ഇവിടെ സജ്ജീകരിച്ചതായും ഒരു കൗണ്ടറിൽ സാമൂഹ്യ അകലം പാലിച്ച് 10 വാഹനങ്ങൾക്ക് വീതം 100 വാഹനങ്ങൾക്ക് ഒരേ സമയം മത്സ്യം വാങ്ങാനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
നീണ്ടകരയിൽ ഇന്നലെ തിരക്ക് കുറവ്
ശക്തികുളങ്ങരയും അഴീക്കലും അടഞ്ഞുകിടക്കുകയാണെങ്കിലും ഇന്നലെ നീണ്ടകരയിൽ അസാധാരണമായ തിരക്കുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് ഭയന്ന് ആളുകൾ എത്താത്തതാകാം തിരക്ക് കുറയാൻ കാരണം. കൊല്ലത്ത് വാടി, തങ്കശേരി തുറമുഖങ്ങളുടെ സമീപപ്രദേശങ്ങളിലെ ചില വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ ഇവിടെയും പരിശോധന കർശനമാക്കിയിട്ടുണ്ട്.