കൊല്ലം: അനിഴത്തിൽ അളന്നെടുത്താൽ അടുത്ത ഒാണം വരെ സുഭിക്ഷമായി കഴിയാമെന്നാണ് വിശ്വാസം. കാർഷിക സംസ്കൃതിയിൽ അത്തം പിറന്നുള്ള അഞ്ചാം നാളായ അനിഴത്തിന് വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്. പത്തായപ്പുരയിൽ നിന്ന് ഓണാഘോഷത്തിനുള്ള അരിയും നെല്ലും മാത്രമല്ല ഒരുവർഷത്തേക്ക് പാടത്തും പറമ്പിലും കൃഷിക്ക് ആവശ്യമായ നടീൽ സാധനങ്ങളും അളന്ന് തിട്ടപ്പെടുത്തുന്നതും ഈ ദിനത്തിലാണ്.
ഒന്നാം ഓണം മുതലുള്ള എല്ലാ ഓണ ദിവസങ്ങളിലേക്കും വീട്ടിൽ ഊണിനും കാപ്പിക്കും പലഹാരങ്ങൾക്കും പുന്നെല്ല് പുഴുങ്ങി കുത്തിയ അരിയും ഉണക്കലരിയും അളന്ന് തിട്ടപ്പെടുത്തി നൽകും. ഓണക്കാലത്ത് വിരുന്നുകാർ കൂടുമെന്നതിനാൽ ചോറിനോ പായസത്തിനോ കുറവുണ്ടാകാൻ പാടില്ല. ഉപ്പേരിയുണ്ടാക്കാനുള്ള വെളിച്ചെണ്ണ, എള്ളുണ്ടയ്ക്കുള്ള എള്ള് ഇവയെല്ലാം സ്വന്തം വീട്ടിലേക്ക് അളന്നുനൽകുന്നതിനൊപ്പം കരിവെളുപ്പിന് തന്നെ മണ്ണിലിറങ്ങി കഠിനവേല ചെയ്ത കൃഷിപ്പണിക്കാർക്കുള്ള പതവും പൊലിയും അത്തം പിറന്ന് അഞ്ചാംനാളാണ് നൽകുക.
സ്വന്തം പറമ്പിലെ തേങ്ങയും എള്ളും ഉണക്കിയാട്ടിയ എണ്ണയാണ് തേച്ച് കുളിക്കാനും ഓണപ്പലഹാരങ്ങൾക്കും അച്ചാറുകൾക്കുമെല്ലാം ഉപയോഗിക്കുന്നത്. വീട്ടുകാർക്കൊപ്പം പണിക്കാർക്കും എണ്ണയും പതം വച്ച് വീതിച്ചിരുന്നത് അനിഴത്തിലാണ്.
വീട്ടിൽ ഉത്പാദിപ്പിക്കുന്ന കായ്കറികൾ തന്നെയായിരുന്നു ഓണത്തിന്റെ വിഭവസമൃദ്ധി. മത്തൻ, കുമ്പളം, പയർ, വഴുതന, പച്ചമുളക്, ഇഞ്ചി, ചേന എന്നിവ തൊടിയിൽ നിറയും. വിഷു കഴിഞ്ഞ് കുത്തിയിടുന്ന വിത്തുകൾ വളമിട്ടും നനച്ചും പരിപാലിച്ചാണ് ഓണക്കാലത്തെ വിളവെടുപ്പിന് സജ്ജമാക്കുന്നത്.
മത്തൻവള്ളികൾ തൊഴുത്തിന്മേലും പടിപ്പുറത്തും പന്തലിച്ച് പൂത്തു നിൽക്കും
എത്ര ചെറിയ വീടും പറമ്പുമാണെങ്കിലും അത്യാവശ്യം കൃഷി ചെയ്യാനുള്ള ശ്രമം എവിടെയും ഉണ്ടായിരുന്നു. ഇത്തരത്തിലുണ്ടാകുന്ന വിളവുകൾ അയൽക്കാർക്ക് കൂടി പങ്കിട്ട് നൽകിയിരുന്നതും അനിഴത്തിൽ തന്നെ.
അണിഞ്ഞൊരുങ്ങി ചുണ്ടനുകൾ
ഓണത്തിനിടയിലെ ഒരു പ്രധാന ആഘോഷമാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി. കളിക്കായി ചുണ്ടൻ വള്ളങ്ങളെ ഒരുക്കുന്നത് അനിഴം നാളിലാണ്. അഞ്ചാം ദിവസമായ അനിഴംനാൾ ആറന്മുള ഉതൃട്ടാതിക്കുള്ള കോപ്പുകൂട്ടലാണ്. പരിശീലന തുടക്കവും അനിഴം നാളിൽ തന്നെ. പമ്പാനദിയുടെ നെട്ടായത്തിൽ വിവിധ വള്ളംകളി സംഘങ്ങൾ അവരുടെ ചുണ്ടൻ വള്ളങ്ങളുമായി എത്തി വാശിയോടെ തുഴയുന്ന ആവേശകരമായ മത്സരമാണ് വള്ളംകളി. അനിഴം നാളിലെ പൂക്കളത്തിനുമുണ്ട് പ്രത്യേകത. പൂക്കളത്തിന് കുടകുത്തുന്നത് ഇന്നാണ്. ഈർക്കിലിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കുടപോലെ കുത്തിവയ്ക്കുന്നത് പൂക്കളത്തിനും പ്രൗഢി കൂട്ടും.