കൊല്ലം: സുഭിക്ഷകേരളം പദ്ധതിയിൽ നടപ്പാക്കിയ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി കൊവിഡ് കെടുതിയിൽ അരമുറംപോലും നിറഞ്ഞില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങളും മഴക്കെടുതിയുമാണ് വീട്ടുവളപ്പിലും സർക്കാർ സ്ഥാപനങ്ങളിലും നടപ്പാക്കിയ പദ്ധതിയെ താളം തെറ്റിച്ചത്.
ലക്ഷ്യമിട്ടതിന്റെ പകുതിയിൽ താഴെ മാത്രമാണ് ഓണത്തിന് വിളവെടുപ്പിന് പാകമായത്. വിഷരഹിത ജൈവപച്ചക്കറി ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കൃഷിഭവനുകൾ മുഖാന്തിരമാണ് ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി പദ്ധതി ആവിഷ്കരിച്ചത്.
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കൃഷി ഭവനുകൾ മുഖാന്തിരം അഞ്ചുലക്ഷത്തോളം പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ വർഷത്തേതുപോലെ എല്ലായിനം പച്ചക്കറി വിത്തുകളും ഇത്തവണ കർഷകർക്ക് നൽകാനും സാധിച്ചിരുന്നില്ല. പയർ, വെണ്ട, മുളക് എന്നിവയുടെ വിത്തുകളാണ് കൂടുതൽ പേർക്കും ലഭിച്ചത്. ആദ്യഘട്ടത്തിൽ പടവലം, പാവൽ, തക്കാളി എന്നിവയുടെ വിത്തുകളും വിതരണം ചെയ്തിരുന്നു. വീട്ടുമുറ്റങ്ങളിലും മട്ടുപ്പാവിലും സർക്കാർ ഓഫീസ് വളപ്പുകളിലുമാണ് പച്ചക്കറി കൃഷി നടത്തിയതെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ കാരണം കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ മേൽനോട്ടമോ സഹായങ്ങളോ കർഷകർക്ക് ലഭിച്ചില്ല.
ജില്ലയിലെ സർക്കാർ സ്കൂളുകളുൾപ്പെടെ പലസ്ഥാപനങ്ങളിലും ഇത്തവണ ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി നടന്നില്ല. ജില്ലാ ജയിലിലുൾപ്പെടെ കഴിഞ്ഞ വർഷം റെക്കാഡ് വിളവെടുപ്പ് നടന്ന സ്ഥലങ്ങളിൽ പലയിടത്തും ഇത്തവണ വിത്തിടാനോ പരിപാലിക്കാനോ സാധിക്കാതിരുന്നതും ഉത്പാദനം കുറച്ചു. കാലവർഷം വൈകിയതും പിന്നീട് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് ഉണ്ടായ ശക്തമായ മഴയും കാറ്റും കൃഷി നാശത്തിനും കാരണമായി.
കെണിയൊരുക്കി കീടശല്യം
1. ഇലകളും തണ്ടും പൂക്കളും കായ്കളും ശത്രുകീടങ്ങൾ തുരന്നുതിന്നു
2. വെള്ളീച്ച ശല്യമാണ് പച്ചമുളക് കൃഷിയെ തുലച്ചത്
3. ഇലകളുടെ അടിയിൽ പറ്റിയിരിക്കുന്ന ഇവ ക്ളോറോഫിൽ ഘടകത്തെ തിന്ന് നശിപ്പിച്ചു
4. മുഞ്ഞയും ചാഴിപോലുള്ള പ്രാണികളുമാണ് പയർ കൃഷിയുടെ അന്തകരായത്
5. വാട്ടരോഗമായിരുന്നു തക്കാളിച്ചെടികളെ തളർത്തിയത്
6. വീടുകളിൽ കൃഷിചെയ്തവർക്ക് കഷ്ടിച്ച് വീട്ടാവശ്യത്തിനുള്ള പച്ചക്കറികളാണ് ലഭിച്ചത്
വിതരണം ചെയ്ത വിത്തുകൾ: 5 ലക്ഷം
''
അധികവിളവ് ഉത്പാദകരിൽ നിന്ന് സംഭരിക്കാൻ ഹോർട്ടികോർപ്പും വെജിറ്രബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലും സംവിധാനമുണ്ടാക്കിയിട്ടുണ്ട്.
ജില്ലാ കൃഷി ഓഫീസർ