കൊല്ലം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അഷ്ടമുടി കായലിന് കുറുകേയുള്ള ചവറ മുക്കാട്ട് കടവ് - ഫാത്തിമ ഐലന്റ്, അരുളപ്പൻ തുരുത്ത് പാലങ്ങൾ എന്നിവ യാഥാർത്ഥ്യമാകുന്നു. പാലം പൂർത്തിയാകുമ്പോൾ എട്ട് തുരുത്തുകളിലേക്കുള്ള യാത്രാദുരിതം അവസാനിക്കും. കൊല്ലം ബൈപ്പാസ് റോഡുമായി ബന്ധിക്കുന്ന റോഡാണ് ഇതുവഴി ഇനിയെത്തുക. ചവറ നിയോജക മണ്ഡലത്തിലാണെങ്കിലും കൊല്ലം കോർപ്പറേഷനിലെ മൂന്നാം വാർഡിലാണ് പാലങ്ങൾ ഉൾപ്പെടുന്നത്. ഇവിടെ പത്ത് തുരുത്തുകളുണ്ട്. ഇതിൽ എട്ടിടത്തേയ്ക്കുമുള്ള വഴിയൊരുങ്ങുമെങ്കിലും സെന്റ് തോമസ്, സെന്റ് ജോർജ് തുരുത്തുകൾക്ക് ഈ പാലങ്ങൾ ഗുണം ചെയ്യില്ല. ഇവിടേക്ക് രണ്ട് ചെറിയ പാലങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്. പുതുതായി നിർമ്മിക്കുന്ന രണ്ട് പാലങ്ങളിൽ മുക്കാട്ടുകടവ് - ഫാത്തിമ ഐലന്റ് പാലമാണ് വലുത്. 182 മീറ്റർ നീളമുള്ള ഈ പാലത്തിന് ഏഴ് സ്പാനുകൾ വേണ്ടിവരും. അരുളപ്പൻ തുരുത്ത് പാലത്തിന് 78 മീറ്റർ നീളമുണ്ട്. ഉയരക്കുറവുമുണ്ടാകും. ഇതിന് മൂന്ന് സ്പാനുകളാണ് നിർമ്മിക്കുക. കിഫ്ബിയിൽ നിന്ന് അനുവദിച്ച 15 കോടി രൂപ ഉപയോഗിച്ചാണ് പാലങ്ങൾ യാഥാർത്ഥ്യമാക്കുക. വി.എൽ.സി.സിക്കാണ് നിർമ്മാണ ചുമതല. രണ്ട് വർഷമാണ് കരാർ കാലാവധിയെങ്കിലും കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരു വർഷംകൊണ്ട് പാലം പൂർത്തിയാക്കുമെന്നാണ് കരാറുകാർ പറയുന്നത്.
നിർമ്മാണ ഉദ്ഘാടനം ഇന്ന്
മുക്കാട്ടുകടവ് - ഫാത്തിമ ഐലന്റ്, അരുളപ്പൻ തുരുത്ത് പാലങ്ങളുടെ നിർമ്മാണോദ്ഘാടനം ഇന്ന് മന്ത്രി ജി. സുധാകരൻ നിർവഹിക്കും. ഉച്ചയ്ക്ക് 12ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം. മുക്കാട് ഹോളി ഫാമിലി ചർച്ച് ഒാഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ ഗീതാകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ. രാജേന്ദ്രൻ, കൗൺസിലർ ജാനറ്റ് ഹണി, വി.കെ. അനിരുദ്ധൻ, ഡി. സുകേശൻ, ചവറ ഗോപകുമാർ, അജയ് തേവലക്കര, ഫാ. സി.ജെ. ആന്റണി എന്നിവർ സംസാരിക്കും.
രണ്ട് പാലങ്ങൾ നിർമ്മിക്കുന്നതോടെ എട്ട് തുരുത്തുകളിലെ ജീവിതങ്ങൾക്ക് പുതുവെളിച്ചമാകും. രണ്ട് തുരുത്തുകളിലേക്കുള്ള പാലങ്ങളും ഉടൻ യാഥാർത്ഥ്യമാക്കും.
ജാനറ്റ് ഹണി, വാർഡ് കൗൺസിലർ, കൊല്ലം കോർപ്പറേഷൻ
പള്ളിവക ഭൂമി വിട്ടുനൽകി
പാലം നിർമ്മിക്കുന്നതിനായി മുക്കാട്ട് പള്ളിയുടെ ഉടമസ്ഥതയിലുള്ള 23 സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകി. കരഭാഗത്താണ് ഈ ഭൂമി. തുരുത്തിൽ രണ്ട് വീട്ടുകാരുടെ ഭൂമി ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെയുള്ള വീടുകൾ പൊളിച്ച് നീക്കണം. പകരം വീട് നിർമ്മിച്ചുനൽകാമെന്നാണ് ധാരണ. ചവറ എം.എൽ.എ ആയിരുന്ന അന്തരിച്ച വിജയൻ പിള്ള മുൻപ് ഇവർക്ക് വീട് നിർമ്മിച്ചുനൽകുമെന്ന് വാക്കുകൊടുത്തിരുന്നു.