കൊല്ലം: ക്വാറന്റൈൻ ലംഘിച്ച് ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ ആറ് തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി 11 ഓടെ കപ്പിത്താൻ കടവിൽ വച്ച് മരുത്തടി സ്വദേശിയുടെ ഗ്ലോറിയ എന്ന ബോട്ടിൽ നിന്നാണ് അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടിയത്.
മത്സ്യ ബന്ധനത്തിന് പോകുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെയെത്തി ക്വാറന്റൈൻ പൂർത്തിയാക്കണം. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ക്വാറന്റൈൻ സർട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നാണ് ചട്ടം. ഇത് പാലിക്കാത്ത തൊഴിലാളികളാണ് പിടിയിലായത്.
ഇവരെ ബോട്ട് ഉടമയുടെ ചെലവിൽ ക്വാറന്റൈനിലാക്കി. ബോട്ട് ഉടമയ്ക്കെതിരെ കൊവിഡ് നിയമപ്രകാരം ശക്തികുളങ്ങര പൊലീസ് കേസടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ബോട്ടുകളിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോസ്റ്റൽ സി.ഐ എസ്. ഷെരീഫ്, എസ്.ഐ പ്രശാന്തൻ, പി.ആർ.ഒ ശ്രീകുമാർ, സി.പി.ഒ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.