പത്തനാപുരം: പിറവന്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ പഞ്ചായത്ത് ഓഫീസ് അടച്ചു.പ്രസിഡന്റുൾപ്പടെയുള്ള പഞ്ചായത്തംഗങ്ങളും ജീവനക്കാരും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പധികൃതർ നിർദേശം നല്കി.നാല്പതോളം പേരാണ് ഇവിടെ മാത്രം നിരീക്ഷണത്തിൽ പോകേണ്ടത്.പാരിപ്പള്ളി സ്വദേശിയാണ് പഞ്ചായത്ത് സെക്രട്ടറി.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയതിനെ തുടർന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്.പുന്നല ചാച്ചിപ്പുന്നയിൽ ആട്ടോ ഡ്രൈവറായ പിറമല സ്വദേശിയായ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാളുടെ സമ്പർക്കപ്പട്ടിക വിപുലമാണ്.അതിനാൽ ചാച്ചിപ്പുന്ന മേഖല കണ്ടെയ്ൻമെന്റ് സോണാക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. ചേകം പുത്തൻകടയിൽ കഴിഞ്ഞ ദിവസം മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ മേഖല കണ്ടെയ്ൻമെന്റ് സോണാക്കി. പത്തനാപുരം പഞ്ചായത്തിൽ ഇടത്തറ മേഖലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കടക്കം 5 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കയാണ്. പിറവന്തൂർ പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ എത്തിയവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.